സ്ത്രീ സാന്നിധ്യംകൊണ്ട് ശ്രദ്ധേയമായി നാദാപുരത്തെ വോളി മേള
text_fieldsനാദാപുരത്ത് നടക്കുന്ന ഓക്സ്ഫോർഡ് മാർഷൽ അക്കാദമി സംഘടിപ്പിച്ച വോളിബാൾ മേളയിൽ ഗാലറിയിലെ വനിത കാണികൾ
നാദാപുരം: സ്ത്രീ സാന്നിധ്യംകൊണ്ട് ശ്രദ്ധേയമായി നാദാപുരത്തെ വോളിബാൾ മേള. ഓക്സ്ഫോർഡ് മാർഷൽ അക്കാദമിയുടെ കീഴിൽ ഒരാഴ്ചയായി നാദാപുരത്ത് നടക്കുന്ന അഖിലേന്ത്യ വോളിബാൾ മത്സരവേദിയാണ് പുരുഷ വോളിബാൾ പ്രേമികൾക്കൊപ്പം സ്ത്രീകളും പങ്കാളിത്തം ഉറപ്പിക്കുന്നത്. ഗാലറിയിൽ സ്ത്രീകൾക്കായി തയാറാക്കിയ പ്രത്യേക ഇരിപ്പിടത്തിലാണ് സ്ത്രീകളുടെ നിറഞ്ഞ പങ്കാളിത്തം. കഴിഞ്ഞ വെള്ളിയാഴ്ചയാണ് ഇന്ത്യയിലെ പ്രമുഖരെ പങ്കെടുപ്പിച്ചുള്ള വോളിമേള ആരംഭിച്ചത്.
അക്കാദമിയുടെ കീഴിൽ നടത്തിവരുന്ന ജീവകാരുണ്യ പ്രവർത്തനങ്ങളുടെ ധനസമാഹരണത്തിനായി നടത്തപ്പെടുന്ന മത്സരം നാദാപുരത്ത് വോളിബാൾ പ്രേമികളിൽ വൻ ആവേശം സൃഷ്ടിച്ചാണ് മുന്നേറുന്നത്. രണ്ട് ക്ലസ്റ്ററുകളായി നടക്കുന്ന ലീഗ് മത്സരത്തിന്റെ അവസാന പാദം ഇന്നലെ അവസാനിച്ചു. ഇന്നാരംഭിക്കുന്ന സെമി ഫൈനൽ മത്സരത്തിൽ ഇന്ത്യൻ ആർമി, കൊച്ചിൻ കസ്റ്റംസ്, കെ.എസ്.ഇ.ബി, കേരള പൊലീസ് എന്നീ ടീമുകൾ മത്സരിക്കും. വെള്ളിയാഴ്ചയാണ് ഫൈനൽ. 19ന് മാർഷൽ അക്കാദമിയിലെ കായിക താരങ്ങൾ അവതരിപ്പിക്കുന്ന കലാപ്രകടനങ്ങളും അരങ്ങേറും.