കുട്ടികൾക്ക് വാഹനം നൽകി; രക്ഷിതാക്കൾക്ക് പിഴ വിധിച്ച് കോടതി
text_fieldsനാദാപുരം: ലൈസൻസില്ലാതെ ഇരുചക്ര വാഹനങ്ങളുമായി ചുറ്റിയടിക്കുന്നതിനിടെ കുട്ടികൾ പിടിയിലായ കേസിൽ രക്ഷിതാക്കൾക്ക് കോടതി പിഴശിക്ഷ വിധിച്ചു. നാദാപുരം പൊലീസ് രജിസ്റ്റർ ചെയ്ത കേസുകളിലാണ് ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതി ജഡ്ജി ശിക്ഷ വിധിച്ചത്. നിരവധി കേസുകളിലായി ഓരോ രക്ഷിതാക്കൾക്കും 25,500 രൂപയാണ് പിഴ വിധിച്ചത്. ഇതോടൊപ്പം കോടതി പിരിയും വരെ തടവും അനുഭവിക്കേണ്ടി വന്നു.
നാദാപുരം സ്റ്റേഷൻ പരിധിയിൽ മാർച്ച് 20ന് പുളിക്കൂൽ റോഡിലും ഏപ്രിൽ ഒമ്പതിന് കസ്തുരിക്കുളത്തും മേയ് 18ന് തെരുവൻ പറമ്പിലും ജൂൺ എട്ടിന് കുമ്മങ്കോടും ജൂൺ 16ന് കല്ലാച്ചി പൈപ്പ് ലൈൻ റോഡിലുമാണ് 16, 17 വയസ്സ് പ്രായമുള്ള പെൺകുട്ടികൾ അടക്കമുള്ള കുട്ടി ഡ്രൈവർമാരെ നാദാപുരം എസ്.ഐ എം.പി. വിഷ്ണുവിന്റെ നേതൃത്വത്തിൽ പിടികൂടിയത്.
കസ്റ്റഡിയിലെടുത്ത ഇരുചക്ര വാഹനങ്ങളുടെ ഉടമസ്ഥരെ കണ്ടെത്തുകയും മോട്ടോർ വാഹനം നൽകിയതിന് രക്ഷിതാക്കൾക്കെതിരെ കേസെടുത്ത് കുറ്റപത്രം സമർപ്പിക്കുകയായിരുന്നു. പെൺകുട്ടികളടക്കം ഇരുചക്ര വാഹനങ്ങളുമായി എത്തുന്നതും പൊലീസ് കണ്ടെത്തിയിരുന്നു. സ്കൂൾ സമയങ്ങളിൽ മൂന്നുപേകുമായി ബൈക്കിൽ യാത്ര ചെയ്യുന്നതും. ഇത്തരക്കാർക്കെതിരെയും നടപടി സ്വീകരിക്കുമെന്ന് പൊലീസ് അറിയിച്ചു.