തെരുവുനായ്ക്കളെ പേടിച്ച് പുറത്തിറങ്ങാനാകാതെ ജനം
text_fieldsതെരുവ് നായ ആക്രമണത്തിൽ പരിക്കേറ്റവർ
നാദാപുരം: തെരുവുനായ് ആക്രമണം രൂക്ഷമായതോടെ പുറത്തിറങ്ങാൻ ഭയപ്പെട്ട് ജനം. തുടർച്ചയായ മൂന്നാം ദിവസവും കടിയേറ്റത് വിദ്യാർഥികളും വീട്ടമ്മയടക്കം നിരവധി പേർക്ക്. ചെക്യാട് പഞ്ചായത്തിലെ ജാതിയേരിയിലെ പനച്ചിക്കൂൽ നസീമ (40)ക്കാണ് വെള്ളിയാഴ്ച രാവിലെ ഒമ്പതോടെ ആദ്യം കടിയേറ്റത്. തുടർന്ന് കിലോമീറ്റർ വ്യത്യാസത്തിൽ പുളിയാവ്, ചെക്യാട് ഭാഗങ്ങളിലും നിരവധി പേർക്ക് കടിയേൽക്കുകയായിരുന്നു.
പുളിയാവിലെ വിദ്യാർഥികളായ അഹമ്മദ് നൂഫൈൽ (9), മുഹമ്മദ് റസിൻ (10), ചെക്യാട് സ്വദേശികളായ മഠത്തിൽ ദിനേശൻ (55), മുല്ലേരിക്കണ്ടി പ്രജീഷ് (46), കുറിഞ്ഞിന്റവിട അജ്മൽ (37), മെഡിക്കൽ കോളജ് ദീപക് (35), തൂണേരി സ്വദേശിനി ജിൽഷ, മഹ്മൂദ് (40), പ്രജീഷ് (46), ഗിരീഷ് ചെറ്റക്കണ്ടി (38), രാജൻ തൂണേരി (50) എന്നിവരെ നാദാപുരം താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കൈക്ക് സാരമായി മുറിവേറ്റ അജ്മലിനെ കോഴിക്കോട് മെഡിക്കൽ കോളജിലേക്ക് മാറ്റി. വർധിച്ചുവരുന്ന തെരുവുനായ് ആക്രമണത്തിനെതിരെ ഒരു നടപടിയും അധികൃതരുടെ ഭാഗത്തുനിന്ന് ഉണ്ടാകാത്തതിൽ ജനങ്ങളിൽ വൻ പ്രതിഷേധമാണ്.
മൂന്ന് മാസത്തിനുള്ളിൽ നൂറിലധികം പേരാണ് നാദാപുരം മേഖലയിൽ കടിയേറ്റ് ചികിത്സ തേടിയത്. എ.ബി.സി കേന്ദ്രങ്ങളെല്ലാം നിശ്ചലമായതോടെ ഇവയുടെ എണ്ണം കുറക്കാൻ ഒരു മാർഗവുമില്ലാതായിരിക്കുകയാണ്.


