കുറിപ്പിലെ പിശക്:നാദാപുരം ആശുപത്രിയിൽ ഗുളികമാറി നൽകിയെന്ന് പരാതി
text_fieldsനാദാപുരം: ഗവ താലൂക്ക് ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന രോഗിക്ക് ഗുളിക മാറി നൽകിയതായി പരാതി. അബോധാവസ്ഥയിലായ രോഗിയെ കോഴിക്കോട് മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചു. മുടവന്തേരി സ്വദേശി പാലൊള്ളത്തിൽ ചന്ദ്രനാണ് നാദാപുരം താലൂക്ക് ആശുപത്രി മെഡിക്കൽ സൂപ്രണ്ടിന് പരാതി നൽകിയത്. ചൊവ്വാഴ്ചയാണ് ചന്ദ്രൻ കോഴിക്കോട് മെഡിക്കൽ കോളജിലെ ഡോക്ടറുടെ നിർദ്ദേശപ്രകാരം നാദാപുരം താലൂക്ക് ആശുപത്രിയിൽ അഡ്മിറ്റായത്.
തിങ്കളാഴ്ച ഡ്യൂട്ടിയിൽ ഉണ്ടായിരുന്ന ഡോക്ടർ ചന്ദ്രന് ഉറക്കഗുളിക എഴുതി നൽകുകയും ഇതേ തുടർന്ന് ചന്ദ്രൻ അബോധാവസ്ഥയിലായെന്നുമാണ് ബന്ധുക്കൾ പറയുന്നത്. പരാതിക്കാരനായ ചന്ദ്രന്റെ സമീപത്തെ ബെഡിൽ ചന്ദ്രൻ എന്ന പേരുള്ള മറ്റൊരു രോഗിയും ചികിത്സയിലുണ്ടായിരുന്നു. ഇയാൾക്ക് നൽകേണ്ട ഗുളിക മുടവന്തേരി സ്വദേശിയായ ചന്ദ്രനാണ് നൽകിയത്.
ഇതേക്കുറിച്ച് മക്കൾ ഡോക്ടർമാരുമായി സംസാരിച്ചെങ്കിലും മറുപടിയൊന്നും നൽകിയില്ല.സംഭവം ഡോക്ടറുടെ ശ്രദ്ധയിൽപ്പെടുത്തിയപ്പോൾ ഡോക്ടർ ആശുപത്രി രേഖ തിരുത്തിയതായും സൂപ്രണ്ടിന് നൽകിയ പരാതിയിൽ വ്യക്തമാക്കി. ഡോക്ടറുടെ ഭാഗത്തുനിന്നുണ്ടായ ഗുരുതരമായ അനാസ്ഥക്ക് കർശന നടപടി സ്വീകരിക്കണമെന്ന് ബന്ധുക്കൾ പരാതിയിൽ പറഞ്ഞു.


