മുന്നണികളുടെ സമ്മർദം; നാദാപുരം പഞ്ചായത്ത് സെക്രട്ടറി അവധിയിൽ
text_fieldsനാദാപുരം: പഞ്ചായത്ത് തെരഞ്ഞെടുപ്പിനോടനുബന്ധിച്ചുള്ള വോട്ടുചേർക്കൽ നടപടി എൽ.ഡി.എഫ്, യു.ഡി.എഫ് മുന്നണികൾ തമ്മിലുള്ള രാഷ്ട്രീയ കൊമ്പുകോർക്കലിൽ കലാശിച്ചതോടെ ഉദ്യോഗസ്ഥർ സമ്മർദത്തിൽ. നാദാപുരം പഞ്ചായത്ത് സെക്രട്ടറി ഇരു മുന്നണികളുടെയും സമ്മർദത്തെത്തുടർന്ന് അവധിയിൽ പ്രവേശിച്ചു.
തെരഞ്ഞെടുപ്പ് നടപടിക്രമങ്ങൾ ആരംഭിച്ചതോടെയാണ് വോട്ടർപട്ടിക വിവാദം ഉടലെടുത്തത്. 2020ലെ പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ ഉപയോഗിച്ച പട്ടിക ഉപയോഗിച്ചാണ് കരട് പട്ടിക തയാറാക്കിയത്. പട്ടികയിൽ ഇടം പിടിക്കാൻ അതിർത്തി വാർഡുകളിലെ വോട്ടർമാരടക്കം മറ്റ് വാർഡുകളിൽ അപേക്ഷ നൽകി പട്ടികയിൽ കൃത്രിമം വരുത്തുന്നുവെന്നാണ് ഇരു മുന്നണികളും ആരോപിക്കുന്നത്. നിലവിലുള്ളവരെ നീക്കം ചെയ്യുന്നതിനെ കുറിച്ചും പരാതിയുണ്ട്.
വോട്ടർ പട്ടികയിലെ ക്രമക്കേട് ആരോപിച്ച് സെപ്റ്റംബറിൽ ഇരു മുന്നണികളും പഞ്ചായത്തിൽ പ്രതിഷേധ സമരങ്ങൾ നടത്തുകയുണ്ടായി. സമരത്തിനിടെ യു.ഡി.എഫ് നേതാക്കൾ സെക്രട്ടറിയെ ഓഫിസിൽ തടഞ്ഞുവെക്കുകയും ഭീഷണിപ്പെടുത്തുകയുമുണ്ടായി. ഇതിനെതിരെ സെക്രട്ടറി നൽകിയ പരാതിയിൽ ഏഴ് യു.ഡി.എഫ് നേതാക്കൾക്കെതിരെ കേസെടുത്തിരുന്നു. സ്ത്രീ സംവരണ വാർഡ് നറുക്കെടുപ്പ് പൂർത്തിയായതോടെ മത്സരിക്കാൻ ഒരുങ്ങിയ പലരും പുറത്താകുന്ന സ്ഥിതിയും വന്നു. ഇതോടൊപ്പമാണ് വോട്ടർ പട്ടിക വിവാദം വീണ്ടും സജീവമായത്.
പഞ്ചായത്ത് സെക്രട്ടറിയെ കാണാനില്ലെന്ന ആരോപണമാണ് യു.ഡി.എഫ് നേതാക്കൾ ഉന്നയിച്ചത്. തെരഞ്ഞെടുപ്പ് അട്ടിമറിക്കാൻ സെക്രട്ടറി ഒത്താശ ചെയ്യുന്നതായാണ് യു.ഡി.എഫ് ആരോപിക്കുന്നത്. എന്നാൽ, അസുഖത്തെത്തുടർന്ന് താൽക്കാലികമായി ലീവെടുത്തതാണെന്നും തെരഞ്ഞെടുപ്പ് കമീഷന്റെ മാനദണ്ഡങ്ങൾ പാലിച്ചുമാത്രമാണ് നടപടി എടുക്കുന്നതെന്നുമാണ് ഉദ്യോഗസ്ഥൻ പറയുന്നത്. ഗ്രാമപഞ്ചായത്തിലെ ഭരണവൈകല്യങ്ങൾ മറച്ചുവെക്കാനും ഭരണവിരുദ്ധ വികാരത്തിൽനിന്ന് ശ്രദ്ധതിരിക്കാനുമുള്ള ആസൂത്രിത ശ്രമമാണ് യു.ഡി.എഫ് നടത്തുന്നതെന്ന് എൽ.ഡി.എഫ് നേതാക്കൾ പറയുന്നു. മൂന്നു വർഷം മുമ്പ് മൂന്നു കോടി ഫണ്ട് അനുവദിച്ചിട്ടും പാതിവഴിയിലായ കല്ലാച്ചി ടൗൺ വികസനം, നാദാപുരം ബസ് സ്റ്റാൻഡിലെ കെട്ടിട നിർമാണം, ഗ്രാമീണ റോഡുകളുടെ തകർച്ച എന്നിവയെല്ലാം പഞ്ചായത്ത് ഭരണസമിതിക്കെതിരെ ജനരോഷം ഉയർത്തുകയാണെന്ന് ഇവർ പറഞ്ഞു.


