വിലങ്ങാട് ഉരുൾപൊട്ടൽ; തകർന്ന പാലത്തിന്റെ പുനർനിർമാണം ആരംഭിച്ചില്ല
text_fieldsഉരുൾപൊട്ടലിൽ തകർന്ന വായാട് കോളനിയിലേക്കുള്ള പാലം
നാദാപുരം: വിലങ്ങാട് ഉരുൾപൊട്ടലിൽ പാലം തകർന്ന്, പുറം ലോകവുമായി ഒറ്റപ്പെട്ടുപോയ വായാട് കോളനിയിലേക്കുള്ള പാലം പുനർനിർമിക്കാൻ നടപടിയായില്ല. ഉരുൾപൊട്ടലിനെ തുടർന്നുണ്ടായ മലവെള്ളപ്പാച്ചിലിൽ പാലത്തിന്റെ രണ്ട് മീറ്ററോളം ഉയരത്തിൽ വെള്ളം പൊങ്ങുകയും പാലത്തിന്റെ പകുതി ഭാഗം ഒലിച്ചുപോവുകയും ചെയ്തിരുന്നു.
കണ്ണവം ഫോറസ്റ്റിൽനിന്നും പുല്ലുവായിൽ നിന്നും ഒഴുകിയെത്തുന്ന രണ്ട് പുഴകൾ പാലത്തിന് സമീപം സംഗമിച്ച് വിലങ്ങാട് പുഴയായി മാറുന്ന സ്ഥലത്താണ് വായാട് കോളനിയിലേക്കുള്ള പാലം നിർമിച്ചിരുന്നത്. പാലത്തിന്റെ രണ്ട് പില്ലറുകൾക്ക് ബലക്ഷയം സംഭവിച്ച് മണ്ണിലേക്ക് അമർന്ന നിലയിലാണ്.
തകർന്ന പകുതി ഭാഗത്ത് കോരിയിട്ട പാറക്കൂട്ടങ്ങൾക്ക് മുകളിലൂടെയാണ് കോളനിയിലേക്കുള്ള നാട്ടുകാരുടെയും വാഹനങ്ങളുടെയും യാത്ര. പാലം പുതുക്കിപ്പണിയുമെന്ന് അധികൃതർ പ്രഖ്യാപിച്ചിരുന്നെങ്കിലും നടപടിയായില്ലെന്ന് നാട്ടുകാർ പറഞ്ഞു.
കാലവർഷം നേരത്തെ എത്തുമെന്ന റിപ്പോർട്ടുകളുടെ പശ്ചാത്തലത്തിൽ താൽക്കാലിക പാലങ്ങളുടെ സുരക്ഷ പ്രദേശവാസികളെ ഏറെ ആശങ്കപ്പെടുത്തുകയാണ്. പുതുതായി നിർമിച്ച ഉരുട്ടി പാലത്തിന് സംഭവിച്ച കേടുപാടുകളും ഇതുവരെ പരിഹരിച്ചിട്ടില്ല.
മാത്രമല്ല, ഒഴുകിയെത്തിയ പാറക്കൂട്ടങ്ങൾ പുഴയുടെ ഒഴുക്കിന്റെ ഗതി മാറ്റിയതിനാൽ സമീപത്ത് താമസിക്കുന്ന പാലത്തിങ്കൽ രാജന്റെ വീട് നിൽക്കുന്ന സ്ഥലത്ത് കനത്ത നാശനഷ്ടമാണ് വരുത്തിയത്. വിലങ്ങാട് ടൗണിനോട് ചേർന്ന പ്രദേശങ്ങളിൽ പുഴയിൽനിന്ന് പാറയും മണ്ണും നീക്കുന്ന പ്രവർത്തനം പൂർത്തിയായെങ്കിലും ഈ പ്രദേശം ആരും തിരിഞ്ഞു നോക്കിയില്ലെന്ന് ടാക്സി ഡ്രൈവറായ രാജൻ പറഞ്ഞു.
പാലത്തിന് താഴെ വിലങ്ങാട് മിനി ജലവൈദ്യുതി പദ്ധതിയുടെ ജലസംഭരണിയും കനാലും മണ്ണുമൂടി നിറഞ്ഞ നിലയിലായിരുന്നു. വൈദ്യുതി വകുപ്പ് സ്വന്തം ചെലവിൽ മൺകൂനകൾ നീക്കുന്ന പ്രവൃത്തി ആരംഭിച്ചിട്ടുണ്ട്. തൊട്ടടുത്ത് തന്നെയായിരുന്നു മുല്ലപ്പള്ളി രാമചന്ദ്രന്റെ എം.പി ഫണ്ട് ഉപയോഗിച്ച് വായാട് കോളനിയിലേക്ക് നിർമിച്ച ശുദ്ധജല വിതരണ കേന്ദ്രം സ്ഥിതിചെയ്തിരുന്നത്.
ഉരുൾപൊട്ടലിൽ ശേഷിച്ച ശിലാഫലകമല്ലാതെ മറ്റൊന്നും ഇവിടെ കാണാനില്ല. ഇതിന്റെ പുനർനിർമാണം ഇതുവരെ നടത്തിയിട്ടില്ല. ഇതേത്തുടർന്ന് കോളനിവാസികൾക്ക് ശുദ്ധജലം കിട്ടാത്ത സ്ഥിതിയാണ്.