ആനക്കുപിന്നാലെ കാട്ടുപോത്തും; പരിഭ്രാന്തരായി നാട്ടുകാർ
text_fieldsകണ്ടിവാതുക്കൽ വനമേഖലയിൽനിന്നും നാട്ടിലിറങ്ങിയ
കാട്ടുപോത്തുകൾ
നാദാപുരം: ആനക്കു പിന്നാലെ കാട്ടുപോത്തും കൃഷിയിടത്തിൽ. ചെക്യാട് പഞ്ചായത്തിൽ കണ്ണവം വനമേഖലയോട് ചേർന്ന കണ്ടിവാതുക്കൽ ഭാഗത്തെ കൃഷിഭൂമിയിലാണ് കാട്ടുപോത്തുകളുടെ സാന്നിധ്യം വർധിച്ചിരിക്കുന്നത്. പത്തിലധികം കാട്ടുപോത്തുകളാണ് ഒന്നിച്ച് ഇവിടെ തമ്പടിച്ചിരിക്കുന്നത്. ഇവ മലമുകളിൽനിന്നും ആളുകൾ തിങ്ങിപ്പാർക്കുന്ന താഴ്വാരങ്ങളിലേക്കും നീങ്ങുന്നതായി നാട്ടുകാർ പറഞ്ഞു. കഴിഞ്ഞ ദിവസം കാലിക്കൊളുമ്പ് നാലാം വാർഡിൽ ജനവാസ കേന്ദ്രത്തിൽ കാട്ടുപോത്തുകൾ ഇറങ്ങിയതിനെ തുടർന്ന് ജനങ്ങൾ പരിഭ്രാന്തരായി.
ചൊവ്വാഴ്ച രാവിലെ ഒമ്പതോ ടെയാണ് മൂന്നു കാട്ടുപോത്തുകൾ കൂട്ടായി കാലികുളമ്പിലെ നാണുവിന്‍റെ വീട്ടുപറമ്പിൽ എത്തിയത്. ഇവ പിന്നീട് സമീപത്തെ പല കൃഷിയിടങ്ങളിലും ചുറ്റിക്കറങ്ങി. ഇതേത്തുടർന്ന് സമീപത്ത് ജോലി ചെയ്യുകയായിരുന്ന തൊഴിലുറപ്പ് തൊഴിലാളികളടക്കം ജോലി നിർത്തിവെക്കുകയാണ്. നാട്ടുകാർ വിവരമറിയിച്ചതിനെ തുടർന്ന് ആർ.ആർ.ടി സംഘം സ്ഥലത്തെത്തി പരിശോധന നടത്തി. ബുധനാഴ്ച ഇവയെ അതിർത്തി പ്രദേശമായ കണ്ണൂർ ജില്ലയിലെ വിളക്കോട്ടൂരിലും കണ്ടതായി വിവരമുണ്ട്.


