കാടുകയറാതെ കാട്ടാനക്കൂട്ടം
text_fieldsകണ്ടിവാതുക്കൽ മലയിൽ കാട്ടാനക്കൂട്ടം പിഴുതെറിഞ്ഞ തെങ്ങ്
നാദാപുരം: നാലാം ദിവസമായിട്ടും കാടുകയറാൻ കൂട്ടാക്കാതെ, കാട്ടാനക്കൂട്ടം. ജനവാസ മേഖലയിൽ തമ്പടിച്ചിരിക്കുന്ന കാട്ടാനക്കൂട്ടം കോഴിക്കോട് ജില്ലയിലെ കണ്ടിവാതുക്കൽ, അഭയഗിരി, കണ്ണൂർ ജില്ലയിലെ വാഴമല പ്രദേശവാസികളെ ഭീതിയിലാക്കുന്നു. പതിനാറംഗ ആർ.ആർ.ടി സംഘം സ്ഥലത്ത് നിരീക്ഷണത്തിനുണ്ടെങ്കിലും വാഴമല ഭാഗത്തെ കാടിനോട് ചേർന്നാണ് ആനകൾ നിലയുറപ്പിച്ചിരിക്കുന്നതെന്ന് നാട്ടുകാർ പറഞ്ഞു.
രണ്ടു കുട്ടിയാനയും കൊമ്പനും ഉൾപ്പെടുന്ന 16 ആനകളാണ് കൂട്ടത്തിലുള്ളത്. ഇവ രാത്രി കാലങ്ങളിൽ കൃഷിയിടങ്ങളിലിറങ്ങി കനത്ത നാശനഷ്ടമാണുണ്ടാക്കുന്നതെന്ന് പ്രദേശവാസികൾ പറയുന്നു. തെങ്ങ്, കവുങ്ങ്, വാഴ തുടങ്ങി ഇടവിളകൃഷികൾ പോലും നശിപ്പിക്കപ്പെടുകയാണ്. കുടിവെള്ളം ശേഖരിക്കാനുള്ള പൈപ്പുകൾ വരെ ആനകൾ തകർക്കുകയാണ്. നിരന്തരമായുള്ള കാട്ടാന ശല്യത്തിൽ പൊറുതിമുട്ടിയിരിക്കുകയാണെന്ന് കർഷകനായ ചിറ്റാരി ദാമോദരൻ പറയുന്നു.
കൃഷിയിടത്തിലെ തെങ്ങുകളും മറ്റ് ഫലവൃക്ഷങ്ങളുമാണ് വ്യാപകമായി നശിപ്പിക്കുന്നത്. ഇത് കൃഷിയോടുള്ള താൽപര്യംതന്നെ ഇല്ലാതാക്കുകയാണ്. ഒരു തെങ്ങിന് ആയിരം രൂപയാണ് സർക്കാർ നഷ്ട പരിഹാരം നൽകുന്നത്. പട്ടണത്തിലുള്ള സർക്കാർ ഓഫിസിലെത്താൻ തന്നെ നല്ലൊരു തുക ചെലവാകുമെന്നതിനാൽ നഷ്ടപരിഹാരത്തിനുള്ള അപേക്ഷ പോലും നൽകാറില്ല. ആനകൾക്ക് പുറമെ കാട്ടുപോത്ത്, കുരങ്ങ് എന്നിവയുടെ ശല്യവും ഇപ്പോൾ കൂടുതലാണ്.
നാളികേരത്തിന് വിപണിയിൽ വിലയുണ്ടെങ്കിലും കുരങ്ങുകൾ നശിപ്പിക്കുന്നത് മൂലം ഒരു തേങ്ങ പോലും കിട്ടാറില്ല. കൂമ്പുചീയൽ പോലുള്ള മാരക രോഗങ്ങളും വിളവ് ഇല്ലാതാക്കുന്നതിനു പുറമെയാണ് ആനശല്യവും കർഷകരെ വലക്കുന്നത്. വനംവകുപ്പ് ഉദ്യോഗസ്ഥർ പടക്കം പൊട്ടിച്ചും മറ്റും ആനയെ അകറ്റാൻ ശ്രമിക്കുന്നുണ്ടെങ്കിലും ഇതുവരെ ഫലം കണ്ടിട്ടില്ല.
രാത്രിയിലും ശ്രമം തുടരുമെന്നാണ് ആർ.ആർ.ടി അംഗങ്ങൾ പറയുന്നത്. കണ്ണവം വനമേഖലയുടെ പ്രധാന ഭാഗമാണ് വിലങ്ങാട് വരെ നീളുന്ന മലമ്പ്രദേശം. കാട്ടിനുള്ളിലെ ജലക്ഷാമവും ഭക്ഷ്യവസ്തുക്കളുടെ ലഭ്യതക്കുറവുമാണ് ഇവയെ കൃഷിയിടത്തിലിറങ്ങാൻ പ്രേരിപ്പിക്കുന്നത്.


