പെട്രോൾ പമ്പിനടുത്തുള്ള വീടുകളിലെ കിണറുകളിൽ ഡീസൽ കലർന്നതായി പരാതി
text_fieldsനടുവണ്ണൂർ: നടുവണ്ണൂർ ജവാൻ ഷൈജ്യു ബസ്സ്റ്റോപ്പിനടുത്ത് ഇന്ത്യൻ ഓയിൽ കോർപ്പറേഷന് കീഴിലുള്ള പി.പി. സൺസ് എന്ന പെട്രോൾ പമ്പിനടുത്തുള്ള വീടുകളിലെ കിണറുകളിൽ ഡീസൽ കലർന്നതായാണ് പരാതി. മൂന്നുകിണറുകളിലാണ് ഡീസൽ കലർന്നത്.
ഇവരുടെ കുടിവെള്ളവും മുട്ടി. ഒരു കിണറിൽ ഡീസലിന്റെ അംശം വളരെ കൂടുതലുണ്ട്.
നാട്ടുകാർ യോഗം ചേർന്ന് കർമസമിതിക്ക് രൂപം നൽകി. നടുവണ്ണൂർ ഗ്രാമപഞ്ചായത്ത് 12-ാം വാർഡ് മെംബർ കെ.കെ. സൗദ (ചെയ.), സമീർ മേക്കോത്ത് (വൈസ്. ചെയ.), അശോകൻ നടുക്കണ്ടി (കൺ.), രാമചന്ദ്രൻ തിരുവോണം (ജോ. കൺ.), വി.പി. അർജുൻ (ഖജാ.) എന്നിവരാണ് ഭാരവാഹികൾ. നടുവണ്ണൂർ ഗ്രാമപഞ്ചായത്ത് സെക്രട്ടറി, നടുവണ്ണൂർ വില്ലേജ് ഓഫീസർ, കൊയിലാണ്ടി തഹസിൽദാർ, ജില്ല കലക്ടർ, നടുവണ്ണൂർ കുടുംബാരോഗ്യകേന്ദ്രം, പൊലൂഷൻ കൺട്രോൾ ബോർഡ്, ഇന്ത്യൻ ഓയിൽ കോർപറേഷൻ എന്നിവിടങ്ങളിൽ പരാതി നൽകാൻ തീരുമാനിച്ചു.
പെട്രോൾ പമ്പിൽ ഇന്ധനം നിറക്കുന്നത് നിർത്തിവെക്കണമെന്നും കുടിവെള്ളം മലിനമായ വീടുകളിൽ പമ്പുടമ ശുദ്ധജലം വിതരണം ചെയ്യണമെന്നും കർമസമിതി ആവശ്യപ്പെട്ടു. ബാലകൃഷ്ണൻ വിഷ്ണോത്ത് അധ്യക്ഷത വഹിച്ചു.
എൻ. ആലി, ഷിജു വിഷ്ണോത്ത് പൊയിൽ, രവീന്ദ്രൻ വിഷ്ണോത്ത് പൊയിൽ, വസന്ത പുളിയത്തിങ്കൽ, വി.പി. റിഷാദ്, മുരളി നൊച്ചോട്ട്, അസ്ല സമീർ, വി.പി. ധനേഷ്, രമണി കുന്നത്ത് തുടങ്ങിയവർ സംസാരിച്ചു.