റോഡ് എന്ന സ്വപ്നം ബാക്കിയാക്കി വിശ്വൻ മടങ്ങി
text_fieldsവിശ്വൻ
നടുവണ്ണൂർ:വീട്ടിലേക്ക് റോഡെന്ന സ്വപ്നം ബാക്കിവെച്ച് വിശ്വൻ മടങ്ങി. അർബുദം ബാധിച്ച് ആശുപത്രിയിലും വീട്ടിലും ചികിത്സയിൽ കഴിയുകയായിരുന്ന കല്ലൂട്ടുകുന്ന് പട്ടികവർഗ ഉന്നതിയിലെ വിശ്വൻ (53) മരണത്തിന് കീഴടങ്ങി. രോഗം ഗുരുതരമായതിനാൽ ആശുപത്രിയിലെത്തിക്കാൻ റോഡ് സൗകര്യമില്ലാത്ത ഉന്നതിയിലെ വീട്ടിൽനിന്നും പത്തോളം പേർ ചേർന്ന് താങ്ങിയെടുത്താണ് വാഹനത്തിൽ എത്തിച്ചത്.
വിശ്വനെ ആശുപത്രിയിലേക്ക് സ്ട്രച്ചറിൽ കൊണ്ടുപോയ വാർത്ത മാധ്യമം പ്രസിദ്ധീകരിച്ചിരുന്നു. കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലായിരുന്ന ഇദ്ദേഹം മൂന്നുനാൾ മുമ്പാണ് വീട്ടിലേക്ക് തിരിച്ചെത്തിയത്. കഴിഞ്ഞദിവസം രാവിലെയായിരുന്നു മരണം. ഭാര്യ: അനിത.
മക്കൾ: വൈശാഖ്, ആതിര. കോട്ടൂർ ഗ്രാമപഞ്ചായത്ത് 11ാം വാർഡിലെ അംബേദ്കർ ഉന്നതിയിലേക്ക് റോഡു വേണമെന്നത് പതിറ്റാണ്ടുകളുടെ ആവശ്യമാണ്. റോഡില്ലാത്തതിനാൽ രോഗികളെ ആശുപത്രിയിലെത്തിക്കാനും മറ്റാവശ്യങ്ങൾക്കും പ്രദേശവാസികൾ ദുരിതമനുഭവിക്കുകയാണ്.