റോഡില്ല; ആദിവാസി ഉന്നതിയിൽനിന്ന് രോഗിയെ ചുമന്ന് കൊണ്ടുപോയത് അര കിലോമീറ്റർ ദൂരം
text_fieldsകോട്ടൂർ അംബേദ്കർ ഉന്നതിയിൽ നിന്ന് രോഗിയായ വിശ്വനെ സ്ട്രച്ചറിൽ ചുമന്ന് കൊണ്ടുപോകുന്നു
നടുവണ്ണൂർ: യാത്രാ സൗകര്യമില്ലാത്തതു കാരണം ആദിവാസി ഉന്നതിയിൽ നിന്ന് രോഗിയെ ആശുപത്രിയിലെത്തിച്ചത് അര കിലോമീറ്റർ ദൂരം ചുമന്ന്. കോട്ടൂർ പഞ്ചായത്തിലെ വാകയാട്ട് കല്ലൂട്ട് ആദിവാസി ഉന്നതിയിലാണ് സംഭവം. വാകയാട്ട് അംബേദ്കർ ഉന്നതിയിലുള്ള വിശ്വനാണ് ദുരനുഭവം. നിലവിൽ കോഴിക്കോട് ഗവ.മെഡിക്കൽ കോളജിൽ ചികിത്സയിലാണ് വിശ്വൻ.
മൂന്നു വർഷം മുമ്പ് ഉന്നതിയിലുള്ളവർ ഈ പ്രദേശത്തിന്റെ വികസനത്തിന് ഭൂമി വിട്ടുനൽകിയിരുന്നു. അന്ന് എത്രയും പെട്ടെന്ന് ഇവിടുത്തേക്ക് യാത്ര സൗകര്യം ഏർപ്പെടുത്തുമെന്നായിരുന്നു പറഞ്ഞത്. എന്നാൽ ഇതുവരെ റോഡിന്റെ കാര്യത്തിൽ യാതൊരു പുരോഗതിയും ഉണ്ടായിട്ടില്ല. കോട്ടൂർ പഞ്ചായത്തിലെ പതിമൂന്നാം വാർഡിലെ കല്ലൂട്ട് അംബേദ്കർ ഉന്നതിയിൽ പതിനാറ് കുടുംബങ്ങളാണ് താമസിക്കുന്നത്.
വിശ്വന് അസുഖം കൂടുതലായതിനെ തുടർന്ന് സ്ട്രക്ചറിൽ ഉന്നതിയുടെ മുകൾഭാഗത്തുനിന്ന് താഴോട്ടേക്ക് ദുർഘടം പിടിച്ച പാതയിലൂടെയാണ് കൊണ്ടുപോയത്. പാറക്കെട്ടുകൾ നിറഞ്ഞ വഴിയിലൂടെ നാട്ടുകാർ സ്ട്രക്ച്ചർ ചുമന്ന് നടക്കുകയായിരുന്നു. അര കിലോ മീറ്റർ നന്നതിനുശേഷമാണ് വാഹനമെത്തുന്ന റോഡിലേക്ക് എത്തിയത്.
വർഷങ്ങളായി ഈ പ്രദേശത്തുകാരുടെ ഏറ്റവും പ്രധാനപ്പെട്ട ആവശ്യമാണ് നല്ലൊരു റോഡ്. ഇത് അവഗണിക്കപ്പെട്ട സാഹചര്യത്തിൽ പട്ടിക ജനസമാജം ജില്ല കമ്മിറ്റിയുടെ നേതൃത്വത്തിൽ വലിയ പ്രക്ഷോഭത്തിനൊരുങ്ങുകയാണിവർ. അംബേദ്കർ സെറ്റിൽമെൻറ് പദ്ധതിയിൽ ഈ പ്രദേശത്തെ അടിസ്ഥാന സൗകര്യ വികസനത്തിനും മറ്റുമായി ഒരുകോടി രൂപ അനുവദിച്ചിരുന്നു. എന്നാൽ, ഈ പദ്ധതി ഇനിയും തുടങ്ങാത്തതിലും പ്രദേശവാസികൾ ആശങ്കയിലാണ്.