ചെരിപ്പ് കടയിലും സംഗീതത്തിന്റെ കാലൊച്ചകേട്ട് പ്രജിത്ത്
text_fieldsആശ സംഗീത ആൽബത്തിന്റെ സംവിധായകനും നിർമാതാവുമായ പ്രജിത്ത് ചെരിപ്പ് കടയിലെ ജോലിക്കിടയിൽ
നടുവണ്ണൂർ: ചെരിപ്പുകടയിലെ തിരക്കിനിടയിലും പ്രജിത്ത് കേൾക്കുന്നത് സംഗീതത്തിന്റെ കാലടിയൊച്ചയാണ്. സംഗീതം സ്വപ്നം കാണുന്ന ഈ യുവാവ് ഇന്നല്ലെങ്കിൽ നാളെ നമ്മുടെ മുഴുവൻ ചുണ്ടുകളിൽ ഒരു പാട്ടായി മാറും. വിദ്യാധരൻ മാഷ് സംഗീതം നിർവഹിച്ച ആശ എന്ന സംഗീത ആൽബം ഇത് അടിവരയിടുന്നു.
നടുവണ്ണൂരിലെ സന ഫൂട് വെയറിലെ ജീവനക്കാരനാണ് പ്രജിത്ത്. ജോലിക്കിടയിലും സംഗീതത്തെ കൂടെകൂട്ടാൻ മറക്കുന്നില്ല. സംവിധാനവും നിർമാണവും നിർവഹിച്ചിരിക്കുന്ന പ്രജിത്തിന്റെ ആദ്യത്തെ സംഗീത ആൽബമായ ആശ നിരവധി പുരസ്കാരങ്ങളാണ് വാരിക്കൂട്ടിയത്.
ഭിന്നശേഷിക്കാരുടെ സ്വപ്നങ്ങൾ പങ്കുവെക്കുന്ന ഈ ആൽബം ഇതിനകം തന്നെ പ്രേക്ഷക ശ്രദ്ധയും പിടിച്ചുപറ്റി. നാഷനൽ ഫിലിം അക്കാദമിയുടെ ഇന്റർനാഷനൽ ഷോർട്ട് ഫിലിം മ്യൂസിക്കൽ ആൽബം മത്സരത്തിൽ മികച്ച സംവിധായകനുള്ള എക്സലൻസ് അവാർഡ് പ്രജിത്ത് നടുവണ്ണൂർ നേടി.
തിരുവനന്തപുരം മീഡിയ സിറ്റി ഫിലിം സൊസൈറ്റിയുടെ പുരസ്കാരം, നരേന്ദ്രപ്രസാദ് ഇന്റർനാഷനൽ ഷോർട്ട് ഫിലിം മ്യൂസിക്കൽ ആൽബം മത്സരത്തിലെ അഞ്ച് പുരസ്കാരങ്ങൾ എന്നിവയെല്ലാം ‘ആശ’ സ്വന്തമാക്കി. ബാലഗായികക്കുള്ള അവാർഡ് ഹരിചന്ദന നടുവണ്ണൂർ, മികച്ച ഗാനരചയിതാവിനുള്ള സ്പെഷൽ ജൂറി അവാർഡ് മുഹമ്മദ് സി. അച്ചിയത്ത് എന്നിവർക്കും ലഭിച്ചു. രണ്ടാമത്തെ സംഗീത ആൽബത്തിന്റെ ഒരുക്കത്തിലാണ് ഇപ്പോൾ പ്രജിത്ത്.