കുടിവെള്ള പദ്ധതിക്ക് അശാസ്ത്രീയ പൈപ്പിടൽ; നാട്ടുകാർ തടഞ്ഞു
text_fieldsഅശാസ്ത്രീയ പൈപ്പിടലിനെതിരെ പ്രതിഷേധിച്ച നാട്ടുകാരുമായി വാർഡ് മെംബർ ടി. നിസാർ ചർച്ച നടത്തുന്നു
നടുവണ്ണുർ: ജൽജീവൻ കുടിവെള്ള വിതരണ പദ്ധതിക്കായി അശാസ്ത്രീയ റോഡ് കീറൽ നാട്ടുകാർ തടഞ്ഞു. നടുവണ്ണൂർ പഞ്ചായത്തിൽ 16-ാ വാർഡിൽ കഴിഞ്ഞ ദിവസമാണ് സംഭവം. എലങ്കമൽ ചെമ്മലപ്പുറം ജങ്ഷനിൽനിന്ന് പുത്തൻപള്ളി, സി.പി ഓയിൽ മിൽ ഭാഗത്തേക്ക് പോകുന്ന റോഡിന് കുറുകെ, തുരുത്തി മുക്ക് ഭാഗത്തേക്ക് പോകുന്ന പൈപ് ലൈനുമായി ബന്ധിപ്പിക്കാൻ റോഡിന് കുറുകെ വീതിയിൽ കുഴിയെടുത്തതാണ് പ്രതിഷേധത്തിനിടയാക്കിയത്.
നിരവധി വാഹനങ്ങൾ ഇതുവഴി കടന്ന് പോകുന്നതിനാൽ ഗതാഗത തടസ്സമില്ലാതെ ഉടൻ ടാറിങ് വേണമെന്നതായിരുന്നു നാട്ടുകാരുടെ ആവശ്യം. ഇത്തരത്തിൽ റോഡ് കുറുകെ മുറിച്ച ഒട്ടേറെ സ്ഥലങ്ങൾ ഒരു വർഷത്തോളമായെങ്കിലും ഇത് വരെ ടാറിങ് നടന്നിട്ടില്ലെന്നും മഴക്കാലമായതോടെ കുഴിയെടുത്ത ഗട്ടറിൽ വാഹനങ്ങൾ വീണ് അപകടങ്ങൾ പതിവാണെന്നും നാട്ടുകാർ പറഞ്ഞു. പണി ഏറെ നേരം സ്തംഭിച്ചതോടെ കരാറുകാർ വാർഡ് മെംബർ ടി. നിസാറിനെ വിളിച്ചു വരുത്തി പ്രശ്നപരിഹാരത്തിന് വഴിയൊരുക്കാൻ ശ്രമിച്ചെങ്കിലും നാട്ടുകാർ പ്രതിഷേധത്തിൽനിന്ന് പിൻമാറാൻ തയാറായില്ല.
എന്നാൽ ഇനിയും ഒട്ടേറെ സ്ഥലങ്ങളിൽ റോഡ് മുറിച്ച് പൈപ്പിടൽ ബാക്കിയുണ്ടെന്നും അത് കഴിഞ്ഞാൽ മാത്രമേ റോഡ് വീണ്ടും ടാറിങ് നടക്കൂവെന്നും കരാറുകാർ പറഞ്ഞത് കൂടുതൽ പ്രതിഷേധത്തിനിടയാക്കി. അവസാനം, ഒരു മാസത്തിനകം മുറിച്ച റോഡുകൾ പുനർ ടാറിങ് നടത്തി ഗതാഗതയോഗ്യമാക്കി തരാമെന്ന് വാർഡ് മെംബർ പ്രതിഷേധക്കാർക്ക് ഉറപ്പ് നൽകിയതോടെയാണ് പൈപ്പിടൽ പുനരാരംഭിച്ചത്. വാക്ക് പാലിച്ചില്ലെങ്കിൽ ശക്തമായ പ്രക്ഷോഭം നേരിടേണ്ടിവരുമെന്നും നാട്ടുകാർ മുന്നറിയിപ്പുനൽകി.