ഇന്ന് കർഷക ദിനം; നാട് പച്ച പിടിപ്പിച്ച് ‘പാടം’
text_fields‘പാടം’ കാർഷിക കൂട്ടായ്മയുടെ മുളകുകൃഷി
നരിക്കുനി: കാർഷിക സംസ്കാരത്തിൽ പുതിയ ഏടുകൾ തീർക്കുകയാണ് നരിക്കുനിയിലെ ‘പാടം’ കാർഷിക കൂട്ടായ്മ. രണ്ടുവർഷം മുമ്പ് രൂപവത്കരിച്ച കൂട്ടായ്മ കൃഷി വൻ വിജയമാക്കിയിരിക്കുകയാണ്. റിട്ട. ഉദ്യോഗസ്ഥരും ജീവനക്കാരും ഉൾപ്പെടെ 20 പേരുടെ കൂട്ടായ്മയാണ് ‘പാടം’. കൂട്ടായ്മയുടെ ഇത്തവണത്തെ നെൽകൃഷിക്ക് തിങ്കളാഴ്ച തുടക്കം കുറിക്കും. കരുണ, ഉമ, നവര രക്തശാലി തുടങ്ങിയ ഇനങ്ങളാണ് കൃഷിയിറക്കാറുള്ളത്. സമീപത്തെ സ്കൂൾ വിദ്യാർഥികളെയും എൻ.എസ്.എസ്, എൻ.സി.സി, യുവജനങ്ങൾ ഉൾപ്പെടെയുള്ളവരെയും പങ്കാളികളാക്കി കൃഷിയെ പുതുതലമുറക്കു കൂടി പരിചയപ്പെടുത്തുകയാണ് ‘പാടം’.
നരിക്കുനിയിലെയും പരിസരങ്ങളിലെയും തരിശുനിലങ്ങൾ കൃഷിയോഗ്യമാക്കിയാണ് കൂട്ടായ്മ നാടിന്റെ ശ്രദ്ധപിടിച്ചുപറ്റിയത്. തുടക്കത്തിൽ ഓരോ അംഗങ്ങളും 250 രൂപ വീതം ഓരോ മാസവും ശേഖരിച്ചാണ് കൃഷിക്കായുള്ള മൂലധനം കണ്ടെത്തിയത്. ഒപ്പം കൃഷി ഭവന്റെ സബ്സിഡികളും ലഭ്യമായി. നരിക്കുനി കൃഷി ഭവന്റെ സഹകരണത്തോടെയാണ് ഇവരുടെ കാർഷിക ഉൽപന്നങ്ങൾ വിപണിയിൽ എത്തിക്കുന്നത്.
രണ്ടു വർഷം ഓണക്കാലത്ത് നരിക്കുനി അങ്ങാടിക്കടുത്തും കാരുകുളങ്ങരയിലും ചെണ്ടുമല്ലി കൃഷിയും നടത്തിയിരുന്നു. കാരുകുളങ്ങരയിലെ അരയേക്കറിൽ ചുവന്ന മുളകു കൃഷി ചെയ്തിട്ടുണ്ട്. ജൈവരീതിയിലാണ് കൃഷി. വിഷം തീണ്ടാത്ത പച്ചക്കറികൾ ലഭ്യമാക്കുക എന്നതാണ് ലക്ഷ്യം. റിട്ട. അധ്യാപകനായ പി.കെ. ഹരിദാസൻ പ്രസിഡന്റും കെ. മനോജ്കുമാർ സെക്രട്ടറിയും പി. ബാബുരാജ് ട്രഷററുമായ കമ്മിറ്റിയാണ് പ്രവർത്തനങ്ങളെ ഏകോപിപ്പിക്കുന്നത്.