പന്നിക്കോട്ടൂർ ഗവ. ആയുർവേദ ആശുപത്രിക്ക് പുതിയ കെട്ടിടം ഉയരും
text_fieldsപന്നിക്കോട്ടൂർ ഗവ. ആയുർവേദ ആശുപത്രിക്ക് നിർമ്മിക്കുന്ന കെട്ടിടത്തിന്റെ രൂപരേഖ
നരിക്കുനി: നിരവധി രോഗികൾ ആയുർവേദ ചികിത്സക്ക് ആശ്രയിക്കുന്ന നരിക്കുനിയിലെ പന്നിക്കോട്ടൂർ ഗവ. ആയുർവേദ ആശുപത്രിക്ക് പുതിയ കെട്ടിടം ഉയരും. ഇതിനായുള്ള ടെൻഡർ നടത്തിയിട്ടുണ്ട്.
മണ്ഡലത്തിന്റെ ബജറ്റ് വിഹിതത്തിൽ ഒന്നരക്കോടി രൂപ കെട്ടിട നിർമാണത്തിനായി അനുവദിച്ചിട്ടുണ്ട്.
കൊടുവള്ളി നിയോജകമണ്ഡലത്തിലെ കിടത്തിച്ചികിത്സ സൗകര്യമുള്ള ഏക സർക്കാർ ആയുർവേദ ആശുപത്രിയാണിത്. നരിക്കുനി ഗ്രാമപഞ്ചായത്തിന്റെ ഉടമസ്ഥതയിലുള്ള 25 സെന്റ് സ്ഥലത്താണ് ആശുപത്രി പ്രവർത്തിച്ചിരുന്നത്.
ആശുപത്രിയുടെ പഴക്കം ചെന്ന കെട്ടിടം പൊളിച്ചുമാറ്റി ആധുനിക സൗകര്യങ്ങളോടുള്ള പുതിയ കെട്ടിടമാണ് നിർമിക്കുന്നത്. ഒരു സീനിയർ മെഡിക്കൽ ഓഫിസറും, രണ്ട് മെഡിക്കൽ ഓഫിസർമാരും, തെറാപ്പിസ്റ്റുകളും ഉൾപ്പെടെയുള്ള ജീവനക്കാർ പ്രവർത്തിക്കുന്ന ആശുപത്രി അസൗകര്യങ്ങളാൽ വീർപ്പുമുട്ടുകയായിരുന്നു.
എം.കെ. മുനീർ എം.എൽ.എയുടെ പരിശ്രമഫലമായാണ് ആശുപത്രി വികസനത്തിന് പൊതുമരാമത്ത് വകുപ്പ് മാസ്റ്റർ പ്ലാൻ തയാറാക്കിയത്.
തുടർന്ന് എസ്റ്റിമേറ്റ് പ്രകാരം ഒന്നരക്കോടി രൂപ ഭരണാനുമതി ലഭിച്ചിട്ടുണ്ട്.
ആയുഷ് മിഷൻ വഴിയും ഫണ്ട് ലഭ്യമാക്കാൻ ശ്രമിക്കുമെന്ന് എം.കെ.മുനീർ എം.എൽ.എ പറഞ്ഞു. കൂടാതെ ആശുപത്രിയുടെ കിടത്തിച്ചികിത്സക്കുള്ള ബെഡുകളുടെ എണ്ണം വർധിപ്പിക്കുന്നതിന് സമർപ്പിച്ച അപ്ഗ്രഡേഷൻ പ്രൊപ്പോസൽ സർക്കാറിന്റെ പരിഗണനയിലാണ്.
നിലവിലുള്ള കെട്ടിടത്തിൽ നിന്നും ആശുപത്രി പ്രവർത്തനം വാടകത്തിലേക്ക് മാറ്റിയിട്ടുണ്ട്.
പഴക്കം ചെന്ന കെട്ടിടം പൊളിച്ചു മാറ്റുകയും പുതിയ കെട്ടിട നിർമാണത്തിനായി ഭൂമി തയാറാക്കി നൽകുകയും ചെയ്തതായി നരിക്കുനി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജൗഹർ പൂമംഗലം പറഞ്ഞു.
കെട്ടിട നിർമാണം വേഗത്തിൽ പൂർത്തിയാക്കും പന്നിക്കോട്ടൂരിലെ ഗവ. ആശുപത്രി കെട്ടിടത്തിന്റെ നിർമാണ നടപടികൾ ആരംഭിച്ചിട്ടുണ്ട്.
ടെൻഡർ നടപടി പൂർത്തീകരിച്ച് വേഗത്തിൽ കെട്ടിട നിർമാണം പൂർത്തിയാക്കും.