നരിക്കുനിയിൽ പ്രസിഡന്റുമാരുടെ തെരഞ്ഞെടുപ്പ് പോരാട്ടം
text_fieldsടി.കെ. സുനിൽകുമാർ, ജൗഹർ പൂമംഗലം, സി.കെ. സലീം,
എം.പി. റുക്കിയ ടീച്ചർ
നരിക്കുനി: നരിക്കുനി ഗ്രാമപഞ്ചായത്തിലേക്കുള്ള തെരഞ്ഞെടുപ്പിൽ നാല് പ്രസിഡന്റുമാരാണ് ജനവിധി തേടുന്നത്. ഇതിൽ മൂന്നുപേർ ആവട്ടെ ഇത്തവണത്തെ ഭരണസമിതിയിൽ പ്രസിഡന്റ് സ്ഥാനം അലങ്കരിച്ചവരാണ്. ഒരാൾ മുൻ ഗ്രാമപഞ്ചായത്ത് പ്രസിഡന്റും. ഇതിൽ മൂന്നുപേർ യു.ഡി.എഫിനെയും ഒരാൾ എൽ.ഡി.എഫിനെയുമാണ് പ്രതിനിധീകരിക്കുന്നത്.
കോൺഗ്രസ് കൊടുവള്ളി ബ്ലോക്ക് വൈസ് പ്രസിഡന്റും യുവനേതാവുമായ ജൗഹർ പൂമംഗലം പതിനേഴാം വാർഡായ കൊടോളിയിൽ നിന്നും ജനവിധി തേടുന്നു. നിലവിലെ ഭരണസമിതിയിൽ ഒന്നരവർഷം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ആയിരുന്നു. കഴിഞ്ഞ തവണ കുണ്ടായി വാർഡിൽ നിന്നാണ് ജയിച്ചു കയറിയത്. ഇത്തവണ അവിടെ വനിതാ സംവരണം ആയതിനാലാണ് കൊടോളിയിലേക്ക് മാറിയത്.
നിലവിലെ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ആയ ടി.കെ. സുനിൽകുമാർ പതിമൂന്നാം വാർഡായ നെല്യേരി താഴത്ത് നിന്നും മത്സരിക്കുന്നു. കഴിഞ്ഞവർഷം പത്താം വാർഡിലായിരുന്നു ഈ കോൺഗ്രസ് അംഗം മത്സരിച്ചത്. നിലവിലെ ഭരണസമിതിയുടെ ആദ്യത്തെ രണ്ടര വർഷം സ്ഥാനത്തിരുന്ന മുസ്‍ലിം ലീഗ് പ്രതിനിധി സി.കെ. സലീം ഇത്തവണ നാലാം വാർഡായ മൂർഖൻ കുണ്ടിൽ നിന്നാണ് മത്സരിക്കുന്നത്. കഴിഞ്ഞതവണ ഒമ്പതാം വാർഡിൽ നിന്നുള്ള ജനപ്രതിനിധിയായിരുന്നു.
എൽ.ഡി.എഫ് സ്ഥാനാർഥിപ്പട്ടികയിൽ എം.പി. റുക്കിയ ടീച്ചറാണ് പ്രസിഡന്റ് മത്സരാർഥി. 2005-10 ൽ പഞ്ചായത്ത് പ്രസിഡന്റായിരുന്നു. 1995-00 ൽ വൈസ് പ്രസിഡന്റുമായിരുന്നു. ഇപ്പോൾ വാർഡ് അഞ്ചിൽ കാരുകുളങ്ങരയിൽ നിന്നാണ് ഈ റിട്ട. പ്രധാനാധ്യാപിക മത്സരിക്കുന്നത്.


