മായാതെ ഗ്രാമങ്ങളിലെ കന്നുപൂട്ട് കാഴ്ച
text_fieldsകാളപൂട്ട് മത്സരത്തിൽനിന്ന്
നരിക്കുനി: ആധുനികകാലത്ത് യന്ത്രവത്കൃത ട്രാക്ടറുകൾ വ്യാപകമാകുമ്പോഴും മായാതെ പഴയകാല ഗ്രാമകാഴ്ചകൾ. പാടശേഖരങ്ങളിലും പറമ്പുകളിലും വിളവിറക്കുന്നതിന് മുമ്പായി നിലമുഴുതുമറിക്കുന്നത് ഇന്നും ഗ്രാമങ്ങളിലെ സ്ഥിരം കാഴ്ചയാണ്. പഴയകാലത്തെ അപേക്ഷിച്ച് മൂരി വളർത്തുകാർ കുറവാണ്. പരമ്പരാഗതമായി മൂരികളെ വളർത്തിവന്നിരുന്ന ചില ആളുകൾ ഇന്നും നിലമുഴുന്നതിനായി ഇവയെ നിലനിർത്തുന്നുണ്ട്.
കന്നുപൂട്ടുകാർക്ക് വർഷത്തിൽ ഒമ്പത് മാസം തിരക്കേറിയ കാലമാണ്. ഈ സമയത്ത് വയലിലെ വ്യത്യസ്ത പുൽ നെൽകൃഷിക്ക് നിലമൊരുക്കാനും പറമ്പ് ഉഴുതലുമൊക്കെയായി ജോലിത്തിരക്കാണെന്ന് 21 വർഷമായി ഈ രംഗത്ത് സജീവമായ നന്മണ്ട പന്ത്രണ്ടിലെ ഇല്ലത്ത് കുട്ടൻ പറയുന്നു. ട്രാക്ടർ വന്നെങ്കിലും നിലവിലുള്ള കന്നുപൂട്ടുകാർക്ക് ജോലിക്ക് കുറവൊന്നും വന്നിട്ടില്ല. ഈ രംഗത്തേക്ക് പുതിയ ആളുകൾ കടന്നുവരാത്തതിനാൽ പണിക്കാർ ഇല്ലാത്ത പ്രശ്നമാണ് കന്നുപൂട്ട് രംഗം അഭിമുഖീകരിക്കുന്നതെന്ന് കുട്ടൻ പറയുന്നു. കന്നുപൂട്ട് ജോലികൾക്ക് മൂരി ഉടമകൾ തന്നെയാണ് ഇറങ്ങാറുള്ളത്.
ഓരോ പ്രദേശത്തും കന്നുപൂട്ടിന് കൊണ്ടുപോകുന്ന ഒട്ടനവധി മൂരികൾ ഉണ്ടായിരുന്നതായി അമ്പത് വർഷത്തിലേറെയായി കന്നുപൂട്ട് തൊഴിലെടുത്ത വേലായുധനും പറയുന്നു. വയലുകളിൽ പണി കുറഞ്ഞതോടെയാണ് ചിലർ ഇവയെ വിറ്റ് ഒഴിവാക്കിയത്. ഇപ്പോഴും നന്മണ്ട, കാക്കൂർ, നരിക്കുനി, പുല്ലാളൂർ ഭാഗങ്ങളിലായി ഇരുപത് ജോടിയിലേറെ മൂരികൾ ഉണ്ട്. കർണാടക, തമിഴ്നാട് ഭാഗങ്ങളിൽനിന്ന് കൊണ്ടുവരുന്ന മൂരികളെയാണ് നിലമുഴുന്നതിനായി ഉപയോഗിക്കുക. ഇവക്ക് ഒരു ജോടിക്ക് ഒരു ലക്ഷം രൂപയോളമാണ് വില. മുതിര, കഞ്ഞി, പുല്ല് തുടങ്ങി ഇവയുടെ തീറ്റക്കും കരി, നുകം, വട്ടക്കണ്ണി, മടഞ്ഞ മൂക്കുകയർ എന്നീ ഇനത്തിലും ചെലവ് വരും. കന്നുപൂട്ടിനോടൊപ്പം മൂരികളെ കാളപൂട്ടിലും സജീവമായി പങ്കെടുപ്പിക്കാറുണ്ട്. പുല്ലാളൂർ, പെരുമണ്ണ, പന്തീരാങ്കാവ്, രാമല്ലൂർ എന്നിവിടങ്ങളിൽ കാളപൂട്ട്, ഊർച്ച തെളി മത്സരങ്ങൾ നടത്താറുണ്ട്.