എംബ്ലത്തിലും പേരിലും തടഞ്ഞ് എൻ.എച്ച്.എം ഫണ്ട്; പ്രാഥമികാരോഗ്യ കേന്ദ്രങ്ങളുടെ പ്രവർത്തനം താളം തെറ്റുന്നു
text_fieldsകോഴിക്കോട്: എംബ്ലത്തിന്റെ വലുപ്പം കുറഞ്ഞു, കെട്ടിടത്തിന്റെ പെയിന്റ് മാറ്റിയില്ല, പേര് മാറ്റിയില്ല എന്നീ കാരണങ്ങൾ പറഞ്ഞ് നാഷനൽ ഹെൽത്ത് മിഷൻ (എൻ.എച്ച്.എം) ഫണ്ട് അനുവദിക്കാത്തത് കേരളത്തിൽ പ്രാഥമിക-കുടുംബാരോഗ്യ കേന്ദ്രങ്ങളുടെ പ്രവർത്തനത്തെ സാരമായി ബാധിക്കുന്നു. ഫണ്ട് ലഭിക്കാത്തതിനാൽ ജീവനക്കാർക്ക് ശമ്പളം മുടങ്ങുകയാണ്. ഫണ്ടില്ലാത്തത് മിഷന് കീഴിലുള്ള മറ്റ് പ്രവർത്തനങ്ങളെയും പ്രതികൂലമായി ബാധിച്ചു. കോഴിക്കോട് ജില്ലയിൽ മാത്രം ജീവനക്കാരുടെ ശമ്പളം അടക്കം 11 കോടിയോളം രൂപ എൻ.എച്ച്.എമ്മിൽനിന്ന് ലഭിക്കാനുണ്ട് എന്നാണ് വിവരം.
ആയുഷ്മാന്‍ പദ്ധതിയിൽനിന്ന് ധനസഹായം ലഭിക്കുന്ന ആരോഗ്യ കേന്ദ്രങ്ങളെല്ലാം ‘ആയുഷ്മാന്‍ ആരോഗ്യ മന്ദിര്‍’ എന്ന് പേര് മാറ്റി ബ്രാൻഡ് ചെയ്യണമെന്ന് കേന്ദ്രം നേരത്തെ ഉത്തരവിട്ടിരുന്നു. ഡിസംബറിന് മുമ്പ് ഇത് പൂർത്തിയാക്കിയാൽ മാത്രമേ ധനസഹായം ലഭിക്കൂ എന്നായിരുന്നു നിർദേശം. എന്നാൽ, പേര് മാറ്റത്തിന് തയാറല്ലെന്ന് കേരള സർക്കാർ നേരത്തെതന്നെ അറിയിച്ചിരുന്നു. പിന്നീട്, പേരിന്റെ കൂടെ ആയുഷ്മാന്‍ ആരോഗ്യ മന്ദിര്‍ എന്ന് ചേർത്താൽ മതിയെന്ന ധാരണയായി.
തുടർന്ന് സ്ഥാപനങ്ങളിൽ എംബ്ലം പതിപ്പിച്ച് ബ്രാന്റിങ് നടത്തണമെന്ന് ആവശ്യപ്പെട്ട് കഴിഞ്ഞവർഷം അവസാനത്തോടെ എൻ.എച്ച്.എം പ്രോജക്ട് മാനേജർമാർക്ക് ഉത്തരവ് നൽകി. ഇതിന്റെ അടിസ്ഥാനത്തിൽ ആയുഷ്മാന്‍ ഭാരത് പദ്ധതിയുമായി ബന്ധപ്പെട്ട ആറ് എംബ്ലങ്ങൾ സ്ഥാപനങ്ങളിൽ യുദ്ധകാലാടിസ്ഥാനത്തിൽ പതിപ്പിച്ചു. ഇതിന്റെ ഫോട്ടോ വെബ്സൈറ്റിൽ അപ് ലോഡ് ചെയ്തപ്പോൾ അതിന് വലുപ്പം പോര, കെട്ടിടത്തിന് സിയാൻ നിറം അടിക്കണം, പേര് മാറ്റിയെഴുതണം എന്നീ കാരണങ്ങൾ പറഞ്ഞാണ് കേരളത്തിലേക്കുള്ള ഫണ്ട് തടഞ്ഞുവെക്കുന്നത്.
എംബ്ലം പതിപ്പിക്കാൻ അറിയിപ്പ് വന്നപ്പോൾ പെയിന്റും പേരും മാറ്റുന്നതിനെക്കുറിച്ച് പ്രതിപാദിച്ചിരുന്നില്ലെന്നും ഏതാനും ദിവസം മുമ്പാണ് പെയിന്റും പേരും മാറ്റണമെന്ന് കാണിച്ച് ഉത്തരവ് ലഭിച്ചതെന്നും ജില്ല പ്രോജക്ട് മാനേജർമാർ പറയുന്നു. ഫണ്ട് ലഭിക്കാത്തത് കാരണം പദ്ധതിയിലൂടെ ജനങ്ങൾക്കു ലഭിക്കുന്ന ആനുകൂല്യവും സൗകര്യങ്ങളും നഷ്ടമാവുന്ന സ്ഥിതിവിശേഷമാണ്. രണ്ടര മാസത്തോളമായി ശമ്പളം വൈകിയതിനെത്തുടർന്ന് ജില്ലയിലെ എൻ.എച്ച്.എം ജീവനക്കാർ ജോലി ചെയ്യുന്ന സ്ഥാപനത്തിന് മുന്നിൽ ബോർഡുകൾവെച്ച് പ്രതിഷേധിച്ചിരുന്നു. ഇത് തെരഞ്ഞെടുപ്പിൽ തിരിച്ചടിയാവുമെന്ന് ഭയന്ന് സംസ്ഥാന സർക്കാർ ഒരു മാസത്തെ ശമ്പളത്തിനുള്ള ഫണ്ട് അനുവദിക്കുകയും ജീവനക്കാർക്ക് ജനുവരിയിലെ ശമ്പളം അനുവദിക്കുകയുമായിരുന്നു. ഫെബ്രുവരിയിലെ ശമ്പളം ജീവനക്കാർക്ക് ലഭിക്കാനുണ്ട്. മാത്രമല്ല, എൻ.എച്ച്.എമ്മിന് കീഴിൽ വരുന്ന മാതൃയാനം, ജെ.എസ്.വൈ എന്നിവക്കുള്ള ഫണ്ടുകളെല്ലാം മാസങ്ങളോളം കുടിശ്ശികയായിരിക്കുകയാണ്.