ഡീസലിന് കാശില്ല; വാഹനങ്ങൾ കട്ടപ്പുറത്ത് - മോട്ടോർ വാഹന വകുപ്പിന് പ്രതിമാസ നഷ്ടം ലക്ഷങ്ങൾ
text_fieldsകോഴിക്കോട്: ഡീസലിന് പണമില്ലാത്തതിനാൽ വാഹനങ്ങൾ കട്ടപ്പുറത്തായതോടെ മോട്ടോർ വാഹന വകുപ്പിന് പ്രതിമാസ നഷ്ടം ലക്ഷങ്ങൾ. ജില്ലയിൽ ഒന്നരക്കോടിയോളം രൂപ വാഹനപരിശോധനയിനത്തിൽ മാത്രം പിഴത്തുകയായി എൻഫോഴ്സ്മെന്റ് വിഭാഗം പിരിച്ചിടത്ത് മാസത്തിൽ 50 ലക്ഷത്തോളം രൂപയായി ചുരുങ്ങി. ഡീസലടിക്കുന്ന കേന്ദ്രങ്ങളിൽ ലക്ഷങ്ങളാണ് കുടിശ്ശിക.
കോടികൾ വരുമാനം നേടിക്കൊടുത്തിട്ടും ചെറിയതുക ഇന്ധനച്ചെലവിലേക്ക് നീക്കിവെക്കാത്തതുമൂലം കോടികളുടെ നഷ്ടമാണ് മോട്ടോർ വാഹന വകുപ്പിനുള്ളത്. വിവിധ ജില്ലകളിൽ സമാന അവസ്ഥ നിലനിൽക്കുന്നുണ്ടെങ്കിലും മോട്ടോർ വാഹന വകുപ്പിന് മികച്ച വരുമാനം നേടിക്കൊടുക്കുന്ന ജില്ലകളിൽ ഒന്നാണ് കോഴിക്കോട്. ഇതുമുൻനിർത്തിയെങ്കിലും വരുമാന വർധനക്കുള്ള ശ്രമങ്ങൾ മേലധികാരികൾ നടത്തുന്നില്ലെന്നാണ് ആക്ഷേപം.
നാല് വൈദ്യുതി വാഹനങ്ങൾ ഉണ്ടെങ്കിലും ഇവ തുടർച്ചയായി ഓടിക്കാൻ കഴിയില്ല. എട്ട് സ്ക്വാഡുകളാണ് പരിശോധനക്കുള്ളത്. ഒരു സ്ക്വാഡ് പരിശോധന കഴിഞ്ഞുവന്നാൽ വൈദ്യുതി വാഹനങ്ങൾ എട്ടു മണിക്കൂർ ചാർജ് ചെയ്യണം. ഇതുമൂലം തുടർന്നുള്ള സ്ക്വാഡുകൾക്ക് ഡ്യൂട്ടിക്കുപോകാൻ വാഹനങ്ങൾ ഇല്ലാത്ത അവസ്ഥയാണ്. ഒരു എം.വി.ഐയും രണ്ട് എ.എം.വി.ഐമാരുമാണ് ഒരുസ്ക്വാഡിലുണ്ടാവുക.
ഉദ്യോഗസ്ഥരുണ്ടായിട്ടും കെടുകാര്യസ്ഥതമൂലം പരിശോധനക്കിറങ്ങാൻ വാഹനങ്ങളില്ലാതെ മോട്ടോർ വാഹനവകുപ്പ് എൻഫോഴ്സ്മെന്റ് വിഭാഗം ദുരിതത്തിലാണ്. കോഴിക്കോട് എൻഫോഴ്സ്മെന്റ് ആർ.ടി.ഒ തസ്തിക ഒഴിഞ്ഞുകിടന്നിട്ട് മാസങ്ങളായി. സ്ഥലംമാറ്റത്തിലൂടെ പുതിയ ആർ.ടി.ഒയുടെ പേര് പട്ടികയിൽ ഉണ്ടെങ്കിലും ഉദ്യോഗസ്ഥൻ നിയമ നടപടികൾ നേരിടുന്നതിനാൽ വിടുതലായിട്ടില്ല. കോഴിക്കോട് ആർ.ടി.ഒക്കായിരുന്നു ചുമതല. കോഴിക്കോട് ആർ.ടി.ഒ ദീർഘാവധിക്ക് പോയതിനാൽ നിലവിൽ വടകര ആർ.ടി.ഒക്കാണ് എൻഫോഴ്സ്മെന്റ് ചുമതല.


