ഒരാഴ്ച കഴിഞ്ഞിട്ടും കുട്ടിയെ കണ്ടെത്താനായില്ല; അന്വേഷണം ഊർജിതം
text_fieldsവിജിത് വിനീത്
ഓമശ്ശേരി: തിരുവോണ നാളിൽ കാണാതായ പതിനാലുകാരനെ ഇനിയും കണ്ടെത്താനായില്ല. ഗ്രാമപഞ്ചായത്തിലെ മൂന്നാം വാർഡിൽ ചുണ്ടക്കുന്ന് ഉന്നതിയിൽ താമസിക്കുന്ന കിഴക്കേക്കര പുത്തൻപുരക്കൽ വിനീതിന്റേയും സജിതയുടേയും മകനായ വിജിത് വിനീത് എന്ന പട്ടികവർഗ വിഭാഗത്തിൽപെട്ട കുട്ടിയെയാണ് എട്ടു ദിവസം മുമ്പ് ദുരൂഹ സാഹചര്യത്തിൽ കാണാതായത്. കൂടത്തായ് സെന്റ് മേരീസ് ഹൈസ്കൂളിൽ എട്ടാം ക്ലാസ് വിദ്യാർഥിയാണ് വിജിത് വിനീത്. ഓണസദ്യ കഴിഞ്ഞ് കളിക്കാനെന്ന് പറഞ്ഞ് വീട്ടിൽനിന്നിറങ്ങിയ കുട്ടി പിന്നീട് തിരിച്ചെത്തിയിട്ടില്ല.
എന്നാൽ, അപ്രത്യക്ഷമായ ദിവസം സുഹൃത്തുക്കളോടൊപ്പം താമരശ്ശേരിയിൽനിന്ന് സിനിമ കണ്ടതിനും ഈങ്ങാപ്പുഴ സ്റ്റുഡിയോയിലെത്തിയതിനും ദൃക്സാക്ഷികളുണ്ടെന്ന് പറയുന്നു. രാത്രി വേനപ്പാറ വഴി കാൽനടയായി ഓമശ്ശേരിയിലെത്തിയതിന്റേയും ദൃശ്യങ്ങൾ പൊലീസിന് ലഭിച്ചിട്ടുണ്ട്. സി.സി.ടി.വി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് പൊലീസ് അന്വേഷണം ഊർജിതമായി നടക്കുകയാണ്.
ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ. കരുണാകരൻ, വികസന സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ യൂനുസ് അമ്പലക്കണ്ടി, ആരോഗ്യ-വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ പി.കെ. ഗംഗാധരൻ, പഞ്ചായത്തംഗങ്ങളായ എം.എം. രാധാമണി, കെ. ആനന്ദ കൃഷ്ണൻ എന്നിവരുടെ നേതൃത്വത്തിലുള്ള ജനപ്രതിനിധി സംഘം വിദ്യാർഥിയുടെ വീട് സന്ദർശിച്ച് കുടുംബത്തെ ആശ്വസിപ്പിച്ചു. താമരശ്ശേരി ഡിവൈ.എസ്.പിയുമായി ജനപ്രതിനിധികൾ ചർച്ച നടത്തുകയും അന്വേഷണ പുരോഗതി വിലയിരുത്തുകയും ചെയ്തു. കോടഞ്ചേരി പൊലീസിന്റെ നേതൃത്വത്തിൽ സ്പെഷൽ ടീം കുട്ടിയെ കണ്ടെത്തുന്നതിനുള്ള തീവ്രശ്രമത്തിലാണെന്ന് ഡിവൈ.എസ്.പി സുശീർ പറഞ്ഞു.