രോഗപീഡയിലും അവർ ഒന്നിച്ചു; വർഷങ്ങൾക്കിപ്പുറവും ഒഴുകി ‘പാട്ടുകച്ചേരി’
text_fieldsകാഴ്ചപരിമിതിയിലും ഹാർമോണിയം വായിക്കുന്ന
മുഹമ്മദ് കുട്ടി, സമീപം തബലിസ്റ്റ് ഗണേശൻ
ഓമശ്ശേരി: രോഗപീഡയുടെ അവശതയിലും ഹാർമോണിയം വായിക്കാൻ മുഹമ്മദ് കുട്ടിയും തബല കൊട്ടാൻ ഗണേശനും പാടാൻ മനാഫ് ഓമശ്ശേരിയും എത്തിയപ്പോൾ പതിറ്റാണ്ടുകൾ പിന്നിട്ട പാട്ടുകച്ചേരി ടീം ഓമശ്ശേരിയിൽ ഒരിക്കൽകൂടി സംഗമിച്ചു.
ചലനം കലാസാഹിത്യ വേദി സംഘടിപ്പിച്ച ‘ചലിതം-24’ സംഗമത്തിലാണ് മൂവരും വാർധക്യത്തിന്റെ അവശതയിലും ഒരുമിച്ചത്. പ്രമേഹം മൂലം കാഴ്ച നഷ്ടപ്പെട്ട മുഹമ്മദ് കുട്ടി പഴയ കീബോർഡുകൾ ഓർമയിൽനിന്നെടുത്താണ് ഹാർമോണിയം വായിച്ചത്. ആസ്വദിച്ചുവായിച്ച മുഹമ്മദ് കുട്ടിയെ സംഘാടകർ അഭിനന്ദിച്ചു.
കൊച്ചുമകൻ ഒമ്പതാം ക്ലാസുകാരൻ മുഹമ്മദ് നജാദിനൊപ്പമാണ് മുഹമ്മദ് കുട്ടി പരിപാടിക്കെത്തിയത്. 12ാം വയസ്സിൽ തുടങ്ങിയ കലാസപര്യ 67ൽ എത്തിനിൽക്കുമ്പോഴും വിടാൻ മനസ്സ് മുഹമ്മദ് കുട്ടിയെ അനുവദിക്കുന്നില്ല.
ചെറുപ്രായത്തിൽ നാടുവിട്ടുപോയി വിവിധ പ്രദേശങ്ങളിൽ പാട്ടുപാടിയാണ് മനാഫ്-മുഹമ്മദ് കുട്ടി ചങ്ങാത്തം തുടങ്ങുന്നത്. മുക്കം സ്വദേശിയായ ഗണേശൻ പിന്നീട് അവരുടെ ഭാഗമായി. പരേതനായ ആവാസ് അബ്ദുറഹിമാൻ, മനാഫ്, മുഹമ്മദ് കുട്ടി, ഗണേശൻ എന്നിവർ ഒരു കാലത്ത് കേരളം, ലക്ഷദ്വീപ് ഭാഗങ്ങളിൽ കഥാപ്രസംഗവും ഗാനവും വ്യാപകമായി നടത്തിയിരുന്നു.
മാപ്പിളപ്പാട്ട് രചയിതാവ് യു.കെ. ഇബ്രാഹിം മൗലവിയുടെ മകൾ സഹ്ലയും ചലിതം-24 സംഗമത്തിൽ പാട്ടുപാടാനെത്തി. മുൻ ജില്ല വിദ്യാഭ്യാസ ഓഫിസർ എ. രവീന്ദ്രൻ ഉദ്ഘാടനം ചെയ്തു.
നിരൂപകൻ പി.ടി. കുഞ്ഞാലി അധ്യക്ഷത വഹിച്ചു. വിവിധ സാഹിത്യ മേഖലകളിൽ പുരസ്കാരം നേടിയ നിസാർ ഇൽത്തുമിഷ്, വി. മുഹമ്മദ് കോയ, സാജിദ് പുതിയോട്ടിൽ, എൻ.സി. കണാരൻ എന്നിവരെ ആദരിച്ചു. ഗായകൻ എം.എ. ഗഫൂർ, യു. വിനോദ് കുമാർ, ടി. അബ്ദുല്ല മാസ്റ്റർ, യു.കെ. സഹ്ല, പുത്തൂർ ഇബ്രാഹിം കുട്ടി, ഇ.കെ. ഷൗക്കത്തലി, കെ.പി. ഉസയിൻ തുടങ്ങിയവർ സംസാരിച്ചു.
സമദ് മടവൂർ, ബാബുരാജ് പുത്തൂർ, സി.ടി. സുബൈർ, പി.പി. ഉബൈദ്, ബബിത അത്തോളി, എൻ.സി. കണാരൻ, മുഹമ്മദ് മുട്ടേത്ത് എന്നിവർ കവിത അവതരിപ്പിച്ചു. റിയാസ് ഓമശ്ശേരി, ഒ.പി. ഖലീൽ, എ. സത്താർ എന്നിവർ നേതൃത്വം നൽകി.