ഭിന്നശേഷി ചട്ടങ്ങൾ പാലിക്കാതെ തദ്ദേശ ഓഫിസുകൾ
text_fieldsഓമശ്ശേരി പഞ്ചായത്ത് ഓഫിസിലേക്കുള്ള പടവുകൾ
ഓമശ്ശേരി: ഭിന്നശേഷി സൗകര്യം ഏർപ്പെടുത്താത്ത കെട്ടിടങ്ങൾക്ക് അനുമതി നൽകാത്ത തദ്ദേശ സ്ഥാപനങ്ങളുടെ ഓഫിസുകൾ ഭിന്നശേഷി സൗഹൃദമല്ല. 2016ന് മുമ്പ് നിർമിച്ച മുഴുവൻ കെട്ടിടങ്ങളും അഞ്ച് വർഷംകൊണ്ട് ഭിന്നശേഷി സൗഹൃദമാക്കണമെന്നും പുതുതായി നിർമിക്കുന്ന കെട്ടിടങ്ങൾ ഭിന്നശേഷി സൗഹൃദമല്ലെങ്കിൽ അനുമതി നൽകരുതെന്നും കേന്ദ്ര പൊതുമരാമത്ത് വർഷങ്ങൾക്കു മുമ്പ് നിർദേശിച്ചിട്ടുണ്ടെങ്കിലും അതു പാലിക്കപ്പെട്ടില്ല. ഗ്രാമപഞ്ചായത്ത് ഉൾപ്പെടെയുള്ള സർക്കാർ സ്ഥാപനങ്ങൾ അത് സ്വന്തം കാര്യത്തിൽപോലും അവഗണിക്കുകയാണുണ്ടായത്.
അതേസമയം സ്വകാര്യസ്ഥാപനങ്ങളുടെ കാര്യത്തിൽ ചട്ടം പാലിക്കാൻ ശക്തമായി അവർ ആവശ്യപ്പെടുകയും ചെയ്യുന്നു. പുതുതായി നിർമിക്കുന്ന കെട്ടിടങ്ങളിൽപോലും തദ്ദേശ സ്ഥാപനങ്ങൾ ഭിന്നശേഷി വിഭാഗത്തിനു സൗകര്യം ഏർപ്പെടുത്തുന്നില്ല. ഭിന്നശേഷി സൗഹൃദ റാമ്പ്, ഇരിപ്പിടം, സൗഹൃദ ടോയ്ലറ്റ് തുടങ്ങിയ സൗകര്യങ്ങൾ എന്നിവ അധിക സ്ഥലങ്ങളിലുമില്ല. മിക്ക തദ്ദേശ സ്വയംഭരണ സ്ഥാപന ഓഫിസുകളും സ്ഥിതി ചെയ്യുന്നത് താഴെ ഷോപ്പിങ് മുറികളും മുകളിൽ ഓഫിസ് സൗകര്യങ്ങളുമായിട്ടാണ്. കോണിപ്പടികളാണ് ഓഫിസിൽ എത്തിച്ചേരാനുള്ള മാർഗം. റാമ്പോ ലിഫ്റ്റ് സൗകര്യങ്ങളോ ഇവിടെ ലഭ്യമല്ല.
ഓമശ്ശേരി ഗ്രാമപഞ്ചായത്ത്, കൃഷിഭവൻ, മുക്കം കൊടുവള്ളി മുനിസിപ്പാലിറ്റികൾ തുടങ്ങിയ ധാരാളം ഓഫിസുകൾ രണ്ടും മൂന്നും നിലയിലെ ഷോപ്പിങ് കോംപ്ലക്സുകളിലാണ് പ്രവർത്തിക്കുന്നത്.