ശാലീൻ വക്കീലിന്റെ കാരുണ്യത്തിൽ ഓറഞ്ചിനിത് പുനർജന്മം
text_fieldsകോഴിക്കോട്: തെരുവുജീവികളുടെ കാവലാളായ അഡ്വ. ശാലീൻ മാത്തൂറിന്റെ മൃഗസ്നേഹം കോഴിക്കോട്ടുകാർക്ക് പുത്തരിയൊന്നുമല്ല. ലാഭേച്ഛയില്ലാതെ സ്വന്തം സമ്പാദ്യം മുഴുവൻ അപകടത്തിൽപ്പെട്ടതോ രോഗം വന്നോ വയ്യാതായ തെരുവുപട്ടികളെയും പൂച്ചകളെയും സ്വന്തം കുഞ്ഞുങ്ങളെ പോലെ പരിചരിച്ച് തിരിച്ചയക്കാനും തെരുവുപട്ടികൾക്ക് ഭക്ഷണം നൽകാനും ചെലവഴിക്കുന്ന മൃഗസ്നേഹിയാണ് ശാലിൻ വക്കീൽ.
ഇത്തവണ ശാലീന്റെ കാരുണ്യത്തിൽ ജീവിതം തിരികെ കിട്ടിയത് ഓറഞ്ച് എന്ന തെരുവുപട്ടിക്കാണ്. നഗരത്തിൽ തെരുവുപട്ടികൾക്ക് ഭക്ഷണം കൊടുക്കുന്നതിനിടെ സ്ഥിരം കാണാറുള്ള പട്ടിക്ക് ഓറഞ്ച് എന്ന് പേരുനൽകിയതും ശാലീൻ തന്നെയാണ്.
പട്ടിയെ ക്രിസ്ത്യൻ കോളജിനടുത്തുവെച്ച് അവശനിലയിൽ മൂന്നു മാസം മുമ്പാണ് കണ്ടെത്തിയത്. ഏതോ വാഹനം ഇടിച്ച് അവശയാക്കി കടന്നുപോയതായിരുന്നു. പട്ടിയുടെ ദയനീയാവസ്ഥ കണ്ട് ശാലീൻ അപ്പോൾത്തന്നെ മൃഗാശുപത്രിയിലെത്തിച്ചു. തുടർന്ന് എക്സ് റേ എടുത്തപ്പോഴാണ് ഇടതുതോളെല്ലിലെ പൊട്ടൽ ബോധ്യപ്പെട്ടത്.
പിന്നീട് നട്ടെല്ലിനും ഗുരുതര പരിക്കേറ്റിട്ടിട്ടുണ്ടെന്ന് മനസ്സിലായി. വലിയ പ്രതീക്ഷയില്ലാതിരുന്നിട്ടും ഓറഞ്ചിനെ വീട്ടിൽ കൊണ്ടുപോയി പരിചരിക്കാൻ തീരുമാനിക്കുകയായിരുന്നു. പരിക്കേറ്റ് കിടക്കാൻ പോലുമാകാത്ത ഓറഞ്ചിന് 3600 രൂപയോളം ചെലവാക്കി റെക്സിന്റെ കിടക്ക നിർമിച്ചു. ശാലീൻ നൽകിയ സ്നേനസമ്പന്നമായ പരിചരണത്തിലൂടെ ഓറഞ്ച് പതിയെ ജീവിതത്തിലേക്ക് തിരിച്ചെത്തി. നട്ടെല്ലൊടിഞ്ഞതിനാൽ ഓറഞ്ചിന് നേരെ നിൽക്കാനും നടക്കാനും ബുദ്ധിമുട്ടാണെന്ന് മനസ്സിലാക്കിയപ്പോൾ പ്രത്യേക വണ്ടി പറഞ്ഞുണ്ടാക്കി.
4500 രൂപയോളം ചെലവാക്കി നിർമിച്ച വണ്ടിയിൽ സുഖമായി സഞ്ചരിക്കാൻ കഴിയുന്നില്ലെന്ന് ബോധ്യപ്പെട്ടതോടെ മറ്റൊരു വണ്ടി നിർമിച്ച് അതിലാണ് ഇപ്പോൾ ഓറഞ്ചിന്റെ രാജകീയ സവാരി. വൈകുന്നേരങ്ങളിൽ ഓറഞ്ചിന്റെ വണ്ടിയുന്തിക്കൊണ്ട് നഗരത്തിന്റെ തെരുവിലൂടെ നടക്കുന്ന ശാലീൻ പലർക്കും കൗതുകക്കാഴ്ചയാണ്. പക്ഷെ ശാലീൻ നടക്കുന്നത് മറ്റൊരു സഹജീവിക്ക് ജീവിതം തിരിച്ചുനൽകാൻ കഴിഞ്ഞ സംതൃപ്തിയോടെയാണെന്ന് മാത്രം.