സൈക്കിൾ മോഷ്ടാവിനെ പിടികൂടി രണ്ടാം ക്ലാസുകാരൻ
text_fieldsപന്തീരാങ്കാവ്: മദ്റസക്ക് സമീപം നിർത്തിയിട്ട തന്റെ സൈക്കിളുമായി കടന്നുകളഞ്ഞ ഇതരസംസ്ഥാന തൊഴിലാളിയെ കൈയോടെ പിടികൂടി രണ്ടാം ക്ലാസുകാരൻ. പാറകണ്ടം നുസ്രത്തുൽ ഇഖ്വാൻ സുന്നി മദ്റസയിലെ രണ്ടാം ക്ലാസ് വിദ്യാർഥിയായ ആദം റൈഹാനാണ് തൊഴിലാളിയെ പിടികൂടിയത്.
രാവിലെ മദ്റസയിലെത്തിയ ആദം റൈഹാൻ തന്റെ സൈക്കിൾ മറ്റൊരു കുട്ടിയുടെ സൈക്കിളുമായി ചങ്ങലക്കിട്ട് പൂട്ടിയശേഷം ക്ലാസിൽ പോവുകയും ക്ലാസ് കഴിഞ്ഞു തിരിച്ചുവന്നപ്പോൾ പൂട്ട് തകർത്ത് സൈക്കിൾ കൊണ്ടുപോയത് ശ്രദ്ധയിൽ പെടുകയുമായിരുന്നു.
തുടർന്ന് കൂട്ടുകാരും മദ്റസ അധ്യാപകരും പരിസരം മുഴുവൻ തിരഞ്ഞെങ്കിലും കണ്ടെത്താനായില്ല. ഇതിനിടെയാണ് നഷ്ടപ്പെട്ട തന്റെ സൈക്കിളുമായി പോകുന്ന ഇതര സംസ്ഥാന തൊഴിലാളി ആദമിന്റെ ശ്രദ്ധയിൽപെടുന്നത്. ഉടൻ പിന്നാലെ ഓടി സൈക്കിൾ പിടിച്ചുനിർത്താനുള്ള ശ്രമത്തിനിടെ സൈക്കിളും മോഷ്ടാവും റോഡിലേക്ക് വീണു.
തുടർന്ന് നാട്ടുകാർ മോഷ്ടാവിനെ തടഞ്ഞുവെക്കുകയും പന്തീരാങ്കാവ് പൊലീസിനെ വിളിച്ചുവരുത്തി ഏൽപിക്കുകയും ചെയ്തു. മേലെ പന്തലിങ്ങൽ റഷീദ്-ദഫ്ന ദമ്പതികളുടെ മകനാണ് രണ്ടാം ക്ലാസുകാരനായ ആദം റൈഹാൻ.