സ്വകാര്യ ബസുകളുടെ അമിതവേഗം; എന്ന് തീരും മരണപ്പാച്ചിൽ ?
text_fieldsവടകര പുതിയ സ്റ്റാൻഡിൽ സ്വകാര്യ ബസിടിച്ചുണ്ടായ അപകടത്തെ തുടർന്ന് തടിച്ചുകൂടിയ ജനം
വടകര: സ്വകാര്യ ബസുകളുടെ അമിതവേഗതയിൽ അപകടങ്ങൾ തുടർക്കഥയാവുന്നു. വെള്ളിയാഴ്ച് വടകര പുതിയ സ്റ്റാൻഡിൽ വീട്ടമ്മ മരിക്കാനിടയാക്കിയത് ബസിന്റെ അമിതവേഗമെന്ന് യാത്രക്കാർ സാക്ഷ്യപെടുത്തുന്നു. മഹിള കോൺഗ്രസ് ജില്ല ജനറൽ സെക്രട്ടറിയും മുൻ നഗരസഭ കൗൺസിലറുമായ അടക്കാതെരു സ്വദേശി കിഴക്കേ താമരന്റവിട പുഷ്പ വല്ലിയാണ് മരിച്ചത്. ബസിന്റെ ടയറുകൾ കയറി ഇറങ്ങിയിറങ്ങിയാണ് പരിക്കേറ്റാണ് മരിച്ചത്. ബസിടിച്ച് വീണ ഇവരുടെ കാലിൽ പിൻചക്രങ്ങൾ കയറിയിറങ്ങുകയായിരുന്നു.
കണ്ണൂർ ഭാഗത്തേക്ക് പോവാനായി രാവിലെ മകൾക്കും പേരക്കുട്ടിക്കും ഒപ്പം സ്റ്റാൻഡിൽ എത്തിയതായിരുന്നു. ഓട്ടോയിറങ്ങി കണ്ണൂരിലേക്ക് ബസ് കയറാനായി സ്റ്റാൻഡിനുള്ളിലേക്ക് കയറുമ്പോഴാണ് വടകര-പയ്യോളി റൂട്ടിൽ സർവിസ് നടത്തുന്ന ബസ് ഇടിച്ചത്. ഇടത് കാലിനും കൈക്കും പരിക്കുണ്ടായിരുന്നു.
അപകടം നടന്നയുടൻ ഡ്രൈവറും മറ്റ് ജീവനക്കാരും ഇറങ്ങിയോടി.
ടയറുകൾക്കിടയിൽ കുടുങ്ങിയ ഇവരെ ബസ് നീക്കിയാണ് പുറത്തെടുത്ത് ആശുപത്രിയിലെത്തിച്ചത്. ദേശീയപാതയുടെ നിർമാണ പ്രവൃത്തി നടക്കുന്നതിനാൽ ഗതാഗതക്കുരുക്കിൽ പെടുന്ന ബസുകൾ സമയ ക്രമം പാലിക്കാൻ അമിത വേഗത്തിലോടുന്നതാണ് അപകടത്തിനിടയാക്കുന്നത്. ബസുകൾ സ്റ്റാൻഡിൽ എത്തിയാലും തിരക്കുകൂട്ടുന്നത് പതിവ് കാഴ്ചയാണ്.
അമിതവേഗത്തിനെതിരെ പൊലീസിന്റെ ഭാഗത്തുനിന്ന് നടപടി എടുക്കുമ്പോൾ സ്വകാര്യ ബസ് ജീവനക്കാരുടെ പ്രതിഷേധം ഉയരുന്നതിനാൽ പൊലീസും നിയമലംഘനം കണ്ടില്ലെന്ന് നടിക്കുകയാണ്. സ്വകാര്യ ബസുകൾ അമിതവേഗത്തിൽ ഓടുമ്പോൾ മനുഷ്യ ജീവന് വിലയില്ലേയെന്ന ചോദ്യമുയരുകയാണ്. സമീപകാലങ്ങളിൽ വടകര പഴയ സ്റ്റാൻഡിൽ നിന്ന് സ്വകാര്യ ബസിടിച്ച് യാത്രക്കാരന് ഗുരുതര പരിക്കേറ്റിരുന്നു.