പാളയം മാർക്കറ്റ്; 48 മണിക്കൂർ റിലേ നിരാഹാരം സമാപിച്ചു
text_fieldsപാളയം പച്ചക്കറി, ഫ്രൂട്സ് അനുബന്ധ മേഖല കമ്മറ്റി നടത്തിയ 48 മണിക്കൂർ റിലേ നിരാഹാരത്തിന് സമാപനം കുറിച്ച് കേരള വ്യാപാരി വ്യവസായി സംസഥാന സെക്രട്ടറി സലിം രാമനാട്ടുകര ഇളനീർ നൽകുന്നു
കോഴിക്കോട്: നഗര പൈതൃകമായ കോഴിക്കോട് പാളയം പച്ചക്കറി മാർക്കറ്റ് പാളയത്ത് തന്നെ നിലനിർത്തണമെന്നാവശ്യപ്പെട്ട് തൊഴിലാളി കോഓർഡിനേഷൻ കമ്മിറ്റിയുടെ നേതൃത്വത്തിൽ നടന്ന 48 മണിക്കൂർ റിലേ നിരാഹാരസമരം അവസാനിച്ചു.
പച്ചക്കറി മാർക്കറ്റിലെ കച്ചവടക്കാർക്ക് ലൈസൻസ് പുതുക്കി നൽകുക, വാടക സ്വീകരിക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചായിരുന്നു പാളയം പച്ചക്കറി മാർക്കറ്റിൽ രണ്ട് ദിവസം നീണ്ട റിലേ നിരാഹാര സമരം.
സമാപന സമ്മേളനം വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന സെക്രട്ടറി സലിം രാമനാട്ടുകര ഉദ്ഘാടനം ചെയ്തു. വെജിറ്റബിൾ മർച്ചന്റ്സ് അസോസിയേഷൻ പ്രസിഡന്റ് നാസർ കരിമാടം അധ്യക്ഷവഹിച്ചു. മുസ്‍ലിം ലീഗ് ജില്ല സെക്രട്ടറി ടി.ടി. ഇസ്മായിൽ, എ.ഐ.ടി.യു.സി നേതാവ് ഇ.സി. സതീശൻ, അഡ്വ. പി.എം ഹനീഫ , വ്യാപാരി വ്യവസായി ഏകോപനസമിതി നേതാവ് മനാഫ് കാപ്പാട് കോൺഗ്രസ് നേതാവ്, ദിനേശ് പെരുമണ്ണ, ഹരിനാരായണ നമ്പൂതിരി എന്നിവർ സംസാരിച്ചു. കോഓർഡിനേഷൻ കമ്മിറ്റി ചെയർമാൻ എ.ടി അബ്ദു സ്വാഗതവും കെ.വി അബ്ദുൽ ജലീൽ നന്ദിയും പറഞ്ഞു.


