പ്രവൃത്തി പൂർത്തീകരിക്കുംമുമ്പെ കടിയങ്ങാട്-പൂഴിത്തോട് റോഡ് തകർന്നു
text_fieldsകടിയങ്ങാട്-പൂഴിത്തോട് റോഡ്, കടിയങ്ങാട് ടാറിങ്
തകർന്ന നിലയിൽ
പാലേരി: കടിയങ്ങാട്-പൂഴിത്തോട് റോഡ് പ്രവൃത്തി പൂർത്തിയാവും മുമ്പ് ടാറിങ് തകർന്നു. കടിയങ്ങാട് ഭാഗത്താണ് തകർന്നത്. വാഹനം പോയപ്പോൾ റോഡ് ടാറിങ് താഴ്ന്ന് പോകുകയായിരുന്നു. പലഭാഗത്തും വിള്ളൽ വരുകയും ചെയ്തു. 18 കോടി രൂപ ചെലവിൽ നടത്തുന്ന റോഡ് നവീകരണത്തിൽ ആദ്യം മുതലേ നാട്ടുകാർ ക്രമക്കേട് ഉന്നയിച്ചിരുന്നു.
എസ്റ്റിമേറ്റ് പ്രകാരമല്ല റോഡ് പ്രവൃത്തി നടക്കുന്നതെന്ന് യൂത്ത് കോൺഗ്രസ് ആരോപിച്ചു. വേണ്ടവിധത്തിൽ ഓവുചാലുകൾ നിർമിക്കുകയോ റോഡിന് ആവശ്യമുള്ള വീതി എടുക്കുകയോ ചെയ്തില്ല. സൂപ്പികട- പന്തിരിക്കര ഭാഗത്ത് റോഡിൽ ടാറിങ് പൂർത്തീകരിച്ച സ്ഥലങ്ങളിൽ റോഡിന് ആവശ്യത്തിന് വീതി എടുത്തില്ലെന്നും യൂത്ത് കോൺഗ്രസ് ചൂണ്ടിക്കാട്ടി.
ബന്ധപ്പെട്ട അധികാരികൾ പോലും റോഡ് പണിനടക്കുന്ന സ്ഥലത്തേക്ക് തിരിഞ്ഞുനോക്കാറില്ലെന്നും യൂത്ത് കോൺഗ്രസ് ആരോപിക്കുന്നു. റോഡ് പണിയിലെ അഴിമതിയെ കുറിച്ച് വിജിലൻസ് അന്വേഷിക്കണമെന്ന് യൂത്ത് കോൺഗ്രസ് നിയോജക മണ്ഡലം പ്രസിഡന്റ് എസ്. സുനന്ദ്, മണ്ഡലം പ്രസിഡന്റ് അരുൺ പെരുമന, നിയോജക മണ്ഡലം സെക്രട്ടറിമാരായ ഇ.എൻ. സുമിത്ത്, അക്ഷയ് പുഷ്പൻ എന്നിവർ ആവശ്യപ്പെട്ടു.