ബസ് കാത്തിരിപ്പു കേന്ദ്രം പുനർനിർമിച്ചില്ല; പന്തിരിക്കരയിൽ യാത്രക്കാർക്ക് ദുരിതം
text_fieldsപന്തിരിക്കര ടൗണിൽ ബസിൽ കയറുന്ന യാത്രക്കാർ. ബസ്
നിർത്തുന്ന സ്ഥലത്ത് ഇരുചക്ര വാഹനങ്ങൾ പാർക്ക് ചെയ്തതും കാണാം
പാലേരി: കടിയങ്ങാട്-പെരുവണ്ണാമൂഴി-പൂഴിത്തോട് റോഡ് നവീകരണത്തിന്റെ ഭാഗമായി പന്തിരിക്കര ടൗണിൽനിന്ന് പൊളിച്ചു മാറ്റിയ രണ്ട് ബസ് കാത്തിരിപ്പ് കേന്ദ്രങ്ങൾ പുനർ നിർമിക്കാത്തതിനെതുടർന്ന് യാത്രക്കാർ ദുരിതത്തിൽ. രണ്ടുവർഷം മുമ്പാണ് കാത്തിരിപ്പ് കേന്ദ്രങ്ങൾ പൊളിച്ചു നീക്കിയത്. റോഡുപണി മുഴുവൻ കഴിഞ്ഞിട്ടും കേന്ദ്രങ്ങൾ പുനർനിർമിക്കാൻ ഒരു നടപടിയും അധികൃതരുടെ ഭാഗത്തുനിന്ന് ഉണ്ടാവുന്നില്ലെന്ന് യാത്രക്കാർ പറയുന്നു.
കാത്തിരുപ്പ് കേന്ദ്രങ്ങൾ നീക്കം ചെയ്ത സ്ഥലത്ത് ഇരുചക്ര വാഹനങ്ങൾ പാർക്ക് ചെയ്യുകയാണ്. അതുകൊണ്ട് ബസിൽ കയറാൻ പറ്റാത്ത അവസ്ഥയുമുണ്ട്. പൊരിവെയിലും മഴയുംകൊണ്ടാണ് യാത്രക്കാർ ബസ് കാത്തു നിൽക്കുന്നത്. പെരുവണ്ണാമൂഴി, മുതുകാട്, ചെമ്പനോട, പൂഴിത്തോട് ഭാഗത്തേക്കും കടിയങ്ങാട്, കൂത്താളി, പേരാമ്പ്ര ഭാഗത്തേക്കുമുള്ള യാത്രക്കാരാണ് ഇവിടെ നിൽക്കാറുള്ളത്. കാത്തിരുപ്പ് കേന്ദ്രം നിർമിക്കാത്തത് വയോധികരേയും കുട്ടികളേയുമാണ് ഏറെ പ്രയാസത്തിലാക്കുന്നത്. കാലവർഷം എത്തുംമുന്നെ കാത്തിരുപ്പ് കേന്ദ്രങ്ങൾ പുനർ നിർമിക്കാൻ ബന്ധപ്പെട്ട അധികാരികൾ ഉടൻ നടപടി സ്വീകരിക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു.