കടിയങ്ങാട് ടൗണിൽ കൊതുക് ‘വളർത്തു കേന്ദ്രം’
text_fieldsകടിയങ്ങാട് ടൗണിൽ മാലിന്യം നിറഞ്ഞ ഓവുചാൽ
പാലേരി: ചങ്ങരോത്ത് ഗ്രാമപഞ്ചായത്തിന്റെ ആസ്ഥാനമായ കടിയങ്ങാട് ടൗണിൽ ''കൊതുക് വളർത്തു കേന്ദ്രം'' സ്കൂൾ റോഡിന്റെ എതിർവശത്തെ ഓവുചാൽ സ്ലാബ് ഉപയോഗിച്ച് മൂടാത്തതു കാരണം ടൗണുകളിലെ എല്ലാ മാലിന്യങ്ങളും തള്ളുന്നത് ഇവിടെയാണ്.
തുറന്നു കിടക്കുന്ന ഓടയിലേക്ക് ഭക്ഷണ അവശിഷ്ടങ്ങളും പ്ലാസ്റ്റിക് മാലിന്യങ്ങളും വലിച്ചെറിയുന്നു. വേനൽ മഴ പെയ്തതോടെ മാലിന്യത്തിൽ വെള്ളം കെട്ടി കിടക്കാനും ദുർഗന്ധം വമിക്കാനും തുടങ്ങി. കൊതുകുകൾ മുട്ടയിടാനും തുടങ്ങിയിട്ടുണ്ട്. ഈ നില തുടർന്നാൽ പനി, മഞ്ഞപ്പിത്തം ഉൾപ്പെടെയുള്ള പകർച്ച വ്യാധികൾക്ക് എവിടേയും പോകേണ്ടിവരില്ലെന്ന് നാട്ടുകാർ പറയുന്നു.
മഴക്കാലത്ത് പ്ലാസ്റ്റിക് മാലിന്യങ്ങൾ മഴ വെള്ളത്തോടൊപ്പം സമീപത്തെ നെൽ വയലിലാണ് എത്തിച്ചേരുന്നത്. ഇത് കൃഷിക്ക് ഭീഷണിയാണ്. ഗ്രാമപഞ്ചായത്ത് നേതൃത്വത്തിൽ മഴക്കാല പൂർവ ശുചീകരണം എത്രയും പെട്ടെന്ന് നടത്തി ഓവുചാലിലെ മാലിന്യം നീക്കം ചെയ്യുകയും ഓവുചാൽ സ്ലാബ് സ്ഥാപിച്ച് മൂടുകയും ചെയ്യണമെന്നാണ് നാട്ടുകാരുടേയും വ്യാപാരികളുടെയും ആവശ്യം.