കുടുംബാരോഗ്യ കേന്ദ്രത്തിൽ വെള്ളം കയറി; ആശുപത്രി പ്രവർത്തനം വീട്ടിലേക്ക് മാറ്റി
text_fieldsചങ്ങരോത്ത് എഫ്.എച്ച്.സിക്ക് ചുറ്റും വെള്ളം കയറിയ നിലയിൽ
പാലേരി: കടിയങ്ങാട് പാലത്തിനു സമീപം പ്രവർത്തിക്കുന്ന കുടുംബാരോഗ്യ കേന്ദ്രത്തിൽ വെള്ളം കയറിയപ്പോൾ സമീപത്തെ വീട്ടിലേക്ക് ആശുപത്രി പ്രവർത്തനം മാറ്റി. മെഡിക്കൽ ഓഫിസർ ഡോ. ആനന്ദിന്റെ നേതൃത്വത്തിലാണ് ഈ മാതൃക പ്രവർത്തനം നടത്തിയത്. നിത്യേന നൂറുകണക്കിനാളുകൾ ഈ ആതുരാലയത്തെ ആശ്രയിക്കുന്നുണ്ട്. ആശുപത്രി പരിസരത്തുള്ള വെളുത്ത പറമ്പത്ത് അശോകന്റെ വീടാണ് താൽക്കാലിക എഫ്.എച്ച്.സിയായി മാറിയത്.
കഴിഞ്ഞ ദിവസം വെള്ളത്താൽ ചുറ്റപ്പെട്ട് പ്രവർത്തനം നിലച്ചപ്പോൾ ചങ്ങരോത്തും പരിസര പഞ്ചായത്തുകളിലുമായുള്ള രോഗികൾ ഏഴ് കിലോമീറ്റർ യാത്ര ചെയ്ത് പേരാമ്പ്ര ആശുപത്രിയിലേക്ക് പോകേണ്ട അവസ്ഥ വന്നിരുന്നു. ഇതു മനസ്സിലാക്കിയാണ് ഡോ. ആനന്ദിന്റെ നേതൃത്വത്തിൽ രോഗികൾക്ക് ആശ്വാസമൊരുക്കിയത്. പരിശോധനയും മരുന്ന് വിതരണവും ഉൾപ്പെടെ എല്ലാ സൗകര്യങ്ങളും ഒരുക്കിയിരുന്നു.