പന്തിരിക്കരയിൽ കാട്ടുപന്നി ശല്യം രൂക്ഷം
text_fieldsപന്തിരിക്കര വരയാലൻ കണ്ടി റോഡിൽ കയനോത്ത് എം.പി. പ്രകാശന്റെ വാഴകൃഷി കാട്ടുപന്നികൾ നശിപ്പിച്ച നിലയിൽ
പാലേരി: ചങ്ങരോത്ത് ഗ്രാമപഞ്ചായത്ത് എട്ടാം വാർഡിൽ പന്തിരിക്കര -വരയാലൻ കണ്ടി റോഡിൽ ചാലു പറമ്പ്, കയനോത്ത്, കപ്പള്ളി കണ്ടി, ആവടുക്ക വയൽ പ്രദേശം, കോക്കാട്, ഭാഗങ്ങളിൽ കാട്ടുപന്നി ശല്യം രൂക്ഷം. രാത്രിയിൽ കൂട്ടത്തോടെ ഇറങ്ങുന്ന പന്നികൾ കാർഷിക വിളകൾ നശിപ്പിക്കുകയാണ് ചെയ്യുന്നത്. വാഴ, കപ്പ, ചേന, ചേമ്പ്, കാച്ചിൽ, ഇഞ്ചി, മഞ്ഞൾ തുടങ്ങിയ കൃഷികളൊന്നും നട്ടുവളർത്താൻ കഴിയുന്നില്ലെന്നാണ് കർഷകർ പറയുന്നത്.
പന്തിരിക്കര പള്ളിക്കുന്നിലെ പൊന്തക്കാടുകളിൽ താവളമാക്കിയ പന്നിക്കൂട്ടങ്ങൾ സന്ധ്യ കഴിയുന്നതോടെ പ്രദേശങ്ങളിലേക്കിറങ്ങി വ്യാപകമായ കൃഷി നശിപ്പിക്കുന്നു. പൊന്തക്കാടുകൾ വെട്ടിമാറ്റണമെന്ന് നിരവധി തവണ അധികാരികളുടെ ശ്രദ്ധയിൽപ്പെടുത്തിയിട്ടും ഒരു നടപടിയും സ്വീകരിച്ചില്ലെന്ന് നാട്ടുകാർ പറയുന്നു.
കഴിഞ്ഞദിവസം രാവിലെ ബൈക്ക് യാത്രക്കാരന്റെ മുന്നിലേക്ക് പന്നികൾ ചാടി യാത്രികന് പരിക്കേറ്റിരുന്നു. കാട്ടുപന്നികളെ വെടിവെച്ചു കൊല്ലാൻ ചങ്ങരോത്ത് ഗ്രാമപഞ്ചായത്ത് അടിയന്തര നടപടി സ്വീകരിക്കണമെന്നാണ് കർഷകരുടെ ആവശ്യം.