പയ്യോളി ടൗണിൽ ലഹരിക്കടിമയായ യുവാവിന്റെ പരാക്രമം; വ്യാപാരികളെ ആക്രമിച്ച് പരിക്കേൽപിച്ചു
text_fieldsവ്യാപാരികളെ മർദിച്ചതിൽ പ്രതിഷേധിച്ച് പയ്യോളിയിൽ വ്യാപാരി വ്യവസായ ഏകോപന സമിതി പയ്യോളി യൂനിറ്റ്
നേതൃത്വത്തിൽ പ്രകടനം നടത്തുന്നു
പയ്യോളി: ലഹരിക്കടിമയായ യുവാവ് വ്യാപാര സ്ഥാപനത്തെയും ഉടമയെയും വ്യാപാരി നേതാവിനെയും ആക്രമിച്ച് പരിക്കേൽപിച്ചു. തിങ്കളാഴ്ച വൈകീട്ട് അഞ്ചരയോടെ പയ്യോളി ടൗണിലാണ് സംഭവം. പേരാമ്പ്ര റോഡിലെ മൊഞ്ചത്തി ഗോൾഡ് കവറിങ് സ്ഥാപനത്തിൽ കയറി ഒരു പ്രകോപനവുമില്ലാതെ ആദ്യം കടയുടമ അൽത്താഫിനെയും പിന്നീട് ആക്രമണം തടയാൻ ശ്രമിച്ച വ്യാപാരി വ്യവസായി ഏകോപന സമിതി മണ്ഡലം പ്രസിഡന്റ് എം. ഫൈസലിനെയുമാണ് യുവാവ് മർദിച്ചത്. അൽത്താഫിന്റെ വലതു കൈക്ക് പരിക്കേൽക്കുകയും ഫൈസലിന്റെ വയറിൽ ചവിട്ടുകയുമായിരുന്നു.
ഇതേതുടർന്ന് ലഹരിക്ക് അടിമയായ യുവാവിനെ വ്യാപാരികളും നാട്ടുകാരും പൊലീസ് സ്റ്റേഷനിൽ എത്തിച്ചെങ്കിലും വീണ്ടും സ്റ്റേഷനു പുറത്തിറങ്ങി സമീപത്തെ ആശുപത്രികളിലും മറ്റും പരാക്രമം നടത്തിയ യുവാവ് കടയുടെ ബോർഡും മറ്റും തകർത്ത് പേരാമ്പ്ര റോഡിൽ പരിഭ്രാന്തി സൃഷ്ടിച്ചു.
എന്നാൽ, സംഭവത്തിൽ പരാതി ലഭിച്ചിട്ടും ഇയാൾക്കെതിരെ നടപടിയെടുക്കാൻ പൊലീസ് തയാറാകാത്തതിൽ പ്രതിഷേധിച്ച് ചൊവ്വാഴ്ച രാവിലെ വ്യാപാരികൾ പ്രതിഷേധ പ്രകടനം നടത്തി. പ്രകടനത്തിന് വ്യാപാരി വ്യവസായി ഏകോപന സമിതി പയ്യോളി യൂനിറ്റ് പ്രസിഡന്റ് കെ.എം. ഷമീർ, സെക്രട്ടറി ജി. ഡെനിസൺ, രവീന്ദ്രൻ അമ്പാടി, കെ.പി. റാണപ്രതാപ്, കെ.യു. ഫൈസൽ, എസ്.എം.എ. ബാസിത്, ജയേഷ് ഗായത്രി, നിധീഷ് ഷൈനിങ്, എൻ.കെ.ടി. നാസർ, ഷൈജൽ സഫാത്ത്, നൈസ് മുഹമ്മദ്, സവാദ് അബ്ദുൽ അസീസ്, അനിൽ ധനലക്ഷ്മി, യു.സി. ഗഫൂർ, സി.വി. സുനീർ, കെ.എ. സമദ്, ടി.എ. ജുനൈദ് തുടങ്ങിയവർ പങ്കെടുത്തു. സംഭവത്തിൽ പ്രതിയായ യുവാവിനെതിരെ നടപടിയെടുത്തില്ലെങ്കിൽ പൊലീസ് സ്റ്റേഷൻ മാർച്ച് ഉൾപ്പെടെയുള്ള ശക്തമായ സമരപരിപാടികൾക്ക് യൂനിറ്റ് നേതൃത്വം കൊടുക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു.