ഫിജാസിന്റെ കരവിരുതിൽ വിരിയുന്നത് ഒറിജിനലിനെ വെല്ലുന്ന വാഹനങ്ങൾ
text_fieldsമുഹമ്മദ് ഫിജാസ് സ്വയം നിർമിച്ച വാഹനങ്ങൾക്കൊപ്പം
പയ്യോളി: ഏഴാം ക്ലാസ് വിദ്യാർഥി മുഹമ്മദ് ഫിജാസിന്റെ കരവിരുതിൽ വിരിയുന്നത് റോഡിലൂടെ സദാ ഓടുന്ന ഒറിജിനലിനെ വെല്ലുന്ന വാഹനങ്ങളുടെ മോഡലുകൾ. പുറക്കാട് എടക്കണ്ടി ഫൈസൽ-ജസീല ദമ്പതികളുടെ മകനായ ഫിജാസ് കഴിഞ്ഞ സ്കൂൾ വേനലവധിക്കാലത്താണ് കാർഡ്ബോർഡിൽ കെ.എസ്.ആർ.ടി.സി ബസിന്റെ മോഡൽ നിർമിച്ച് തുടങ്ങുന്നത്. തുടർന്ന് സ്കൂൾ അവധിദിനങ്ങളിലും ഒഴിവുസമയങ്ങളിലും വാഹനങ്ങളുടെ മോഡൽ നിർമിച്ച് ശ്രദ്ധേയനാവുകയായിരുന്നു. 30 വർഷം പഴക്കമുള്ള ജീപ്പിന്റെ മോഡൽ അതേപടി നിർമിച്ചത് നാട്ടുകാരുടെ ശ്രദ്ധ പിടിച്ചുപറ്റി.
തുടർന്ന് നാട്ടിൽ ഓടുന്ന ‘സാരംഗ്’ സ്വകാര്യബസ്, പൊലീസ് ജീപ്, ഫിജാസ് പഠിക്കുന്ന സി.കെ.ജി സ്കൂളിന്റെ ബസ് തുടങ്ങി 20ഓളം വാഹനങ്ങളാണ് അടുത്തകാലത്തായി ഫിജാസ് നിർമിച്ചത്.
ഹാർഡ്ബോർഡിൽ തുടങ്ങിയ നിർമാണം പിന്നീട് മൾട്ടിവുഡും അനുയോജ്യമായ പെയിന്റും ചെയ്തു മനോഹരമാക്കുന്നത് ഫിജാസിന്റെ പണിപ്പുരയിൽ തന്നെയാണ്. മേലടി ഉപജില്ല ശാസ്ത്രമേളയിൽ ചൂരൽമല ദുരന്തം ആവിഷ്കരിച്ച് ‘എ’ ഗ്രേഡ് കരസ്ഥമാക്കിയതോടൊപ്പം നാട്ടുകാരിൽനിന്ന് ഇരുപതോളം ഉപഹാരങ്ങളും ലഭിച്ചിട്ടുണ്ട് ഈ മിടുക്കന്. കഴിഞ്ഞ ദിവസം പുറക്കാട് വിദ്യാസദനം മോഡൽ സ്കൂളിൽ നടന്ന എക്സ്പോയിൽ ഫിജാസിന്റെ സ്റ്റാൾ നിരവധിപേരുടെ ശ്രദ്ധ പിടിച്ചുപറ്റി.
വാഹന നിർമാണത്തിനിടയിൽ ട്രിപ്ൾ ഡ്രം പരിശീലനവും നടത്തുന്നുണ്ട്. ചിങ്ങപുരം സി.കെ.ജി.എം സ്കൂൾ വിദ്യാർഥിയായ ഫിജാസിന് മൂന്നാം തരത്തിൽ പഠിക്കുന്ന ഫർഹ ഫാത്തിമയും ഒന്നാം ക്ലാസിൽ പഠിക്കുന്ന ഫവാസും സഹോദരങ്ങളായുണ്ട്.