വാഹന പരിശോധനയില്ല; നിയമലംഘനങ്ങൾ നിർബാധം
text_fieldsപയ്യോളി ഭാഗത്തെ ദേശീയപാതയിലൂടെ നമ്പര്‍ പ്ലേറ്റ് പ്രദര്‍ശിപ്പിക്കാതെ പോവുന്ന പിക്കപ്പ് ലോറി
പയ്യോളി: ആറുവരി ദേശീയപാതയുടെ നിർമാണ പ്രവർത്തനങ്ങൾ നടക്കുന്നതിനാൽ വാഹന പരിശോധന പൂർണമായും ഇല്ലാതായി.ഇതു കാരണം നിയമലംഘനങ്ങൾ നിർബാധം തുടരുകയാണ്. മറ്റു റോഡുകളിൽ എ.ഐ കാമറകൾ നിയമലംഘനങ്ങൾ പകർത്തുമ്പോൾ നിർമാണ പ്രവൃത്തി നടക്കുന്നത് കാരണം ദേശീയപാതയിൽ കാമറകളും ഇല്ലാതായത് തിരിച്ചടിയാകുന്നുണ്ട്.
നമ്പർ പ്ലേറ്റ് ഇല്ലാത്ത വാഹനങ്ങൾ മുതൽ ഹെൽമെറ്റും സീറ്റ് ബെൽറ്റും അമിത വേഗവുമടക്കം പരിശോധിക്കാൻ നിയമപാലകർക്ക് സാധിക്കാത്തത് നിയമ ലംഘകർക്ക് തുണയാകുന്നു. ദേശീയപാതക്ക് പകരം സർവിസ് റോഡ് വഴി വൺവേ ആയാണ് ഭൂരിഭാഗം സ്ഥലങ്ങളിലും വാഹനങ്ങൾ സഞ്ചരിക്കുന്നത്. ഇതുകാരണം വാഹനങ്ങൾ തടഞ്ഞുനിർത്തി പരിശോധിക്കാൻ പൊലീസിനും ആർ.ടി.ഒക്കും കഴിയുന്നില്ല.
സ്വകാര്യ ലിമിറ്റഡ് സ്റ്റോപ് ബസുകൾ പൊതുവേ വീതി കുറഞ്ഞ സർവിസ് റോഡിലൂടെ മറ്റു വാഹനങ്ങളെ ഏറെ സാഹസപ്പെട്ട് ഓവുചാല്‍ സ്ലാബിനു മുകളിലൂടെ മറികടക്കാൻ ശ്രമിക്കുന്നത് അപകടസാധ്യത വിളിച്ചോതുകയാണ്. രാത്രികാലങ്ങളിൽ മത്സ്യ ലോറികൾ പരസ്യമായി മലിനജലം റോഡിലൂടെ ഒഴുക്കുന്നതും പതിവായിരിക്കുകയാണ്. അതോടൊപ്പം ദേശീയപാതയിലൂടെ നമ്പര്‍ പ്ലേറ്റ് ഇല്ലാത്ത വാഹനങ്ങള്‍ തലങ്ങും വിലങ്ങും ഓടുന്നത് ഇപ്പോൾ ഏറെ വർധിച്ചിട്ടുണ്ട്.
മിക്ക വാഹനങ്ങളിലും പിറകുവശത്തെ നമ്പര്‍ പ്ലേറ്റ് പ്രദർശിപ്പിക്കുന്നില്ല. നമ്പര്‍ പ്ലേറ്റ് ഉള്ള വാഹനങ്ങളില്‍ ചളിയോ പൊടിയോ പുരട്ടി കാഴ്ച വ്യക്തമാകാത്ത വിധത്തിലുമായിരിക്കും. നിയമലംഘനം നടത്തുന്ന വാഹനങ്ങളാണ് നമ്പറില്ലാതെ ഓടുന്നത്. ഇത്തരം വാഹനങ്ങള്‍ അപകടമുണ്ടാക്കുകയും നിര്‍ത്താതെ പോവുകയും ചെയ്യുന്ന പ്രവണത അടുത്തിടെ വര്‍ധിച്ചിട്ടുണ്ട്. വടകരയില്‍ മുത്തശ്ശിയെയും പേരക്കുട്ടിയെയും ഇടിച്ചിട്ട് നിര്‍ത്താതെപോയ കാര്‍ കണ്ടെത്താന്‍ പൊലീസ് മാസങ്ങളോളം ശ്രമിക്കേണ്ടി വന്നിട്ടുണ്ട്.