സന യാസിറിന് ഉജ്ജ്വല ബാല്യ പുരസ്കാരം
text_fieldsസന യാസിർ
പയ്യോളി: അധ്യാപകർക്ക് ക്ലാസെടുത്ത് തുടങ്ങിയ പയ്യോളി സ്വദേശിനിയായ പ്ലസ് വൺ വിദ്യാർഥിനി സന യാസിറിന് ഉജ്ജ്വല ബാല്യം പുരസ്കാരം. 2023 സെപ്റ്റംബർ അഞ്ചിലെ അധ്യാപക ദിനത്തിൽ പയ്യോളി ഗവ. ഹൈസ്കൂൾ പത്താം ക്ലാസ് വിദ്യാർഥിനിയായിരുന്ന സന അധ്യാപകർക്കായി ക്ലാസ് എടുത്തപ്പോഴാണ് ഏവരുടെയും ശ്രദ്ധ പിടിച്ചുപറ്റിയത്.
തുടർന്ന് ‘എവാൻസോ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഏവിയേഷൻ ആൻഡ് ലോജിസ്റ്റിക്സ്’ സ്ഥാപനത്തിൽ ഏവിയേഷൻ വിദ്യാർഥികൾക്ക് ദിവസവും രണ്ട് ബാച്ചുകളിലായി ഇപ്പോൾ ഇംഗ്ലീഷ് ക്ലാസുകൾ നടത്തുന്നുണ്ട് ഈ മിടുമിടുക്കി. കൂടാതെ 14ാമത്തെ വയസ്സിൽ ‘യങ്ങസ്റ്റ് കോച്ച് ആൻഡ് പ്രഫഷനൽ സ്പീക്കർ’ എന്ന നിലയിൽ ഇന്ത്യ ബുക്ക് ഓഫ് റെക്കോർഡ്സിൽ ഇടം നേടിയിട്ടുണ്ട്.
കോവിഡ്കാലത്ത് പുസ്തക അവലോകനത്തിനായി തുടങ്ങിയ യൂട്യൂബ് ചാനൽ മുഖേനയാണ് വ്യക്തിത്വ വികസന പരിശീലനം, പബ്ലിക് സ്പീക്കിങ് ട്രെയിനർ എന്നീ മേഖലകളിലേക്ക് സന പ്രവേശിക്കുന്നത്. ഇംഗ്ലീഷ് ഭാഷയിലുള്ള സനയുടെ പ്രാവീണ്യവും ദേശീയ അന്തർദേശീയ വിഷയങ്ങൾ, സാഹിത്യം തുടങ്ങി ഏത് വിഷയങ്ങളെ സംബന്ധിച്ചുള്ള വ്യക്തമായ വിശകലനവും ഇ- ലേണിങ് പ്ലാറ്റ്ഫോമായ ‘ഉഡ്മി’യിലൂടെ സനയുടെ ശബ്ദം ലോകത്തിന്റെ വിവിധ ഭാഷകളിൽ ശ്രദ്ധിക്കപ്പെടാനും ശ്രോതാക്കളെ ലഭിക്കാനും ഇടയാക്കി. യു.എസ്, യു.കെ, മെക്സിക്കോ, കാനഡ, മൊറീഷ്യസ്, വെസ്റ്റ് ഏഷ്യൻ രാജ്യങ്ങൾ, ജി.സി.സി രാജ്യങ്ങൾ എന്നിവിടങ്ങളിലെ നിരവധി പേർക്ക് സന ഓൺലൈനായി ക്ലാസുകൾ എടുത്തിട്ടുണ്ട്.
തിരുവങ്ങൂർ ഹയർസെക്കൻഡറി സ്കൂൾ പ്ലസ് വൺ വിദ്യാർഥിനിയാണ്. പിതാവ്: യാസിർ രാരാരി. മാതാവ്: നസിരി യാസിർ. കൊച്ചിൻ യൂനിവേഴ്സിറ്റിയിൽ മെക്കാനിക്കൽ എൻജിനീയറിങ് വിദ്യാർഥിയായ മുഹമ്മദ് സഹൻ സഹോദരനാണ്.