ജീവനെടുക്കുന്ന മത്സരയോട്ടം; സ്വകാര്യ ബസ് ടിപ്പർ ലോറിയിൽ ഇടിച്ച് തകർന്നു; ഡ്രൈവർ പരിക്കേൽക്കാതെ രക്ഷപ്പെട്ടു, യാത്രക്കാർക്ക് നിസ്സാര പരിക്ക്
text_fieldsകടിയങ്ങാട് അപകടത്തിൽപ്പെട്ട സ്വകാര്യ ബസ്
പേരാമ്പ്ര: കോഴിക്കോട്-കുറ്റ്യാടി റൂട്ടിലോടുന്ന സ്വകാര്യ ബസ് ടിപ്പർ ലോറിയുടെ പുറകിലിടിച്ച് തകർന്നു. ഞായറാഴ്ച രാവിലെ എട്ടിനാണ് കടിയങ്ങാട് പെട്രോൾ പമ്പിന് സമീപം അപകടം നടന്നത്. കുറ്റ്യാടിയില്‍നിന്ന് കോഴിക്കോട്ടേക്ക് പോവുകയായിരുന്ന എസ്.ആർ ബസാണ് അപകടത്തിൽപ്പെട്ടത്. ബസിലുണ്ടായിരുന്ന ഏതാനും യാത്രക്കാർക്ക് നിസ്സാര പരിക്കേറ്റു. ഇവരെ പേരാമ്പ്ര താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഞായറാഴ്ച രാവിലെയായതുകൊണ്ട് ബസിൽ വളരെ കുറച്ച് യാത്രക്കാർ മാത്രമാണുണ്ടായിരുന്നത്.
ബസിന്റെ മുൻവശത്ത് ഇടതു ഭാഗം പാടെ തകർന്നു. ഡ്രൈവറും പരിക്കേൽക്കാതെ രക്ഷപ്പെട്ടു. ബസിന്റെ അമിതവേഗമാണ് അപകടത്തിന് കാരണമെന്ന് നാട്ടുകാർ ആരോപിച്ചു. ഈ റൂട്ടിൽ സ്വകാര്യ ബസുകളുടെ അമിതവേഗം കാരണം അപകടം പതിവാണ്. മൂന്ന് ദിവസംമുമ്പ് മോട്ടോർ വാഹന വകുപ്പ്- പൊലീസ്-എക്സൈസ് സംയുക്തമായി പേരാമ്പ്രയിലെ ബസുകളിൽ പരിശോധന നടത്തിയിരുന്നു. എന്നിട്ടും അമിതവേഗത്തിന് കുറവൊന്നുമില്ല. ഇത് തുടരുന്നത് ചെറിയ വാഹനങ്ങളുടെയും കാല്‍നടയാത്രക്കാരുടെയും ജീവന് ഭീഷണി ഉയർത്തുന്നുണ്ട്. ഇതില്‍ ട്രാന്‍സ്പോര്‍ട്ട് കമീഷണറും ആര്.ടി.ഒയും നിര്‍ബന്ധമായും ഇടപെടണമെന്നും ബസുകളുടെ സമയം ക്രമീകരിക്കണമെന്നും നാട്ടുകാര്‍ ആവശ്യപ്പെട്ടു. കെ.എസ്.ആര്.ടി.സി ബസുമായുള്ള സ്വകാര്യ ബസുകളുടെ മത്സരയോട്ടം തടയണമെന്നും നാട്ടുകാര്‍ ആവശ്യപ്പെട്ടു.