ചേർമല കേവ് ടൂറിസം കേന്ദ്രം ഉദ്ഘാടനത്തിനൊരുങ്ങി
text_fieldsഉദ്ഘാടനത്തിനൊരുങ്ങിയ ചേർമല ഇക്കോ ടൂറിസം കേന്ദ്രത്തിന്റെ ആകാശ ദൃശ്യം
പേരാമ്പ്ര: ഗ്രാമപഞ്ചായത്തിലെ ചേർമല ടൂറിസം കേന്ദ്രം ഉദ്ഘാടനത്തിനൊരുങ്ങി. ഫെബ്രുവരി രണ്ടാം വാരത്തോടെ സഞ്ചാരികൾക്ക് തുറന്നുകൊടുക്കാനാണ് തീരുമാനം. ഇവിടേക്കുള്ള റോഡ് നവീകരണത്തിന് ബജറ്റിൽ മൂന്നു കോടി വകയിരുത്തിയിട്ടുണ്ട്. ഈ പ്രവൃത്തി യാഥാർഥ്യമായാൽ പേരാമ്പ്ര-മേപ്പയൂർ റോഡിൽനിന്നും പേരാമ്പ്ര- ചാനിയംകടവ് റോഡിൽനിന്നും ചേർമലയിലേക്ക് എത്താം.
ചേർമലയിൽ കണ്ടെത്തിയ പുരാതന കാലത്തെ ഗുഹയാണ് പ്രധാന ആകർഷണം. സമുദ്രനിരപ്പിൽനിന്ന് 200 മീറ്ററിലധികം ഉയരത്തിലാണ് ചേർമല. അതുകൊണ്ടുതന്നെ ഇവിടെ നിന്നുള്ള കാഴ്ചകൾ അതിമനോഹരമാണ്. കുന്നിൻമുകളിൽ 2.10 ഏക്കർ സ്ഥലത്ത് 3.72 കോടി രൂപ ചെലവിൽ ആണ് ടൂറിസം പദ്ധതി നടപ്പിലാക്കിയത്.
പാർക്ക്, ഗുഹാമാതൃകയിലുള്ള കവാടം, ഓപൺ എയർ തിയറ്റർ, നടപ്പാതകൾ, കഫ്റ്റീരിയ, ചേർമലയിലെ തദ്ദേശീയർ നിർമിക്കുന്ന കരകൗശല ഉൽപന്ന വിപണന കേന്ദ്രം എന്നിവ ചേർമല ഇക്കോ ടൂറിസത്തിന്റെ ഭാഗമാണ്. ടൂറിസം വകുപ്പിന്റെ സാമ്പത്തിക സഹായത്തോടെ കേരള ഇലക്‌ട്രിക്കൽ ആൻഡ് അലൈഡ് എൻജിനീയറിങ് കമ്പനി ലിമിറ്റഡ് (കെൽ) ആണ് നിർമാണ പ്രവർത്തനങ്ങൾ നടത്തുന്നത്.


