Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightPerambrachevron_rightപേരാമ്പ്രയിലെ തോൽവി;...

പേരാമ്പ്രയിലെ തോൽവി; ഞെട്ടൽ മാറാതെ എൽ.ഡി.എഫ്

text_fields
bookmark_border
പേരാമ്പ്രയിലെ തോൽവി; ഞെട്ടൽ മാറാതെ എൽ.ഡി.എഫ്
cancel

പേരാമ്പ്ര: പേരാമ്പ്ര മണ്ഡലത്തിൽ എൽ.ഡി.എഫ് കൺവീനർ ടി.പി. രാമകൃഷ്ണൻ മത്സരിക്കുമ്പോൾ ഇങ്ങനെയൊരു തോൽവി സ്വപ്നത്തിൽ പോലും സി.പി.എം പ്രവർത്തകർ കണ്ടിരുന്നില്ല. നാട്ടുകാരൻ, തൊഴിലാളി നേതാവ്, 15 വർഷം എംഎൽഎ, അഞ്ചുവർഷം മന്ത്രി, ഭരണ മുന്നണിയുടെ കൺവീനർ, രാഷ്ട്രീയ എതിരാളികൾ പോലും അംഗീകരിക്കുന്ന നേതാവ്...ഇങ്ങനെ ഒട്ടനവധി വിശേഷണങ്ങളുള്ള ടി.പി. രാമകൃഷ്ണൻ തുടർച്ചയായ മൂന്നാം ജയം ലക്ഷ്യമിട്ടിറങ്ങുമ്പോൾ വിജയത്തിൽ കുറഞ്ഞതൊന്നും എൽ.ഡി.എഫ് പ്രതീക്ഷിച്ചിരുന്നില്ല.

പേരാമ്പ്ര ഒരു കാരണവശാലും നഷ്‌ടപ്പെടാതിരിക്കാനാണ് പ്രായപരിധിയിൽ ഇളവ് നൽകി സി.പി.എം, ടി.പിയെ വീണ്ടും ഇറക്കിയത്. യു.ഡി.എഫ് സ്ഥാനാർഥി അഡ്വ. ഫാത്തിമ തഹ് ലിയയാണെന്നറിഞ്ഞപ്പോൾ ആദ്യം എൽ.ഡി.എഫ് സന്തോഷിക്കുകയാണ് ചെയ്തത്. പേരാമ്പ്രയുമായി ഒരു പരിചയവുമില്ലാത്ത സ്ഥാനാർഥി ടി.പിക്ക് ഈസി വാക്കോവർ ഉണ്ടാക്കുമെന്നായിരുന്നു അവരുടെ പ്രതീക്ഷ. എന്നാൽ, പ്രചാരണം തുടങ്ങി രണ്ടു നാൾ കഴിയുമ്പോഴേക്കും ട്രൻഡ് മൊത്തം മാറുന്ന കാഴ്ചയാണ് കണ്ടത്. ഫാത്തിമയുടെ സ്വീകരണ കേന്ദ്രങ്ങളിലെല്ലാം വൻജനാവലിയെത്തി. ഒരു ഘട്ടത്തിൽ പ്രചാരണം രാഷ്ട്രീയം വിട്ട് വർഗീയതയിലേക്ക് തിരിഞ്ഞു. ഫാത്തിമ ജമാഅത്തെ ഇസ്ലാമി നോമിനിയാണെന്ന എൽ.ഡി.എഫ് വാദവും മണ്ഡലത്തിൽ ചർച്ചയായി.

യു.ഡി.എഫ് മതം പറഞ്ഞു വോട്ട് തേടുന്നുവെന്നാരോപിച്ച് കീഴരിയൂരിലെ മൂന്ന് എൽ.ഡി.എഫ് പ്രവർത്തകർ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകി. എൽ.ഡി.എഫ് ഭരിക്കുന്ന കീഴരിയൂർ ഗ്രാമപഞ്ചായത്തിൽ ഫാത്തിമ തഹ് ലിയ 47 വോട്ടിന്റെ ഭൂരിപക്ഷം നേടിയത് എൽ.ഡി.എഫ് കേന്ദ്രങ്ങളെ ഞെട്ടിച്ചു. ടി.പി. രാമകൃഷ്ണന്റെ ജന്മനാടാണ് കീഴരിയൂർ. എൽ.ഡി.എഫ് 3000 ത്തോളം വോട്ടിന്റെ ഭൂരിപക്ഷം പ്രതീക്ഷിച്ച ടി.പി ഇപ്പോൾ താമസിക്കുന്ന നൊച്ചാട് പഞ്ചായത്തിൽനിന്ന് 1610 വോട്ടിന്‍റെ ലീഡ് മാത്രമാണ് എൽ.ഡിഎഫിന് നേടാനായത്.

എൽ.ഡി.എഫ് ശക്തികേന്ദ്രമായ മേപ്പയ്യൂരിൽ ടി.പിയുടെ ലീഡ് കേവലം 1272വോട്ടു മാത്രമായി ചുരുങ്ങി. ഇവിടെനിന്നും 3000ത്തിൽ അധികം വോട്ടിന്റെ ഭൂരിപക്ഷം എൽ.ഡി.എഫ് പ്രതീക്ഷിച്ചിരുന്നു. എൽ.ഡി.എഫ് ഭരിക്കുന്ന അരിക്കുളം പഞ്ചായത്തിൽ നിന്നുള്ള ടി.പി യുടെ ലീഡ് 290 വോട്ട് മാത്രമാണ്. യു.ഡി.എഫ് ശക്തികേന്ദ്രങ്ങളായ ചങ്ങരോത്ത്, തുറയൂർ എന്നിവിടങ്ങളിൽ നിന്നുള്ള ഫാത്തിമയുടെ ഭൂരിപക്ഷം തങ്ങളുടെ ശക്തി കേന്ദ്രങ്ങളിൽനിന്ന് മറികടക്കാമെന്നായിരുന്നു എൽ.ഡി.എഫ് കരുതിയത് ഇത് പാടെ തെറ്റി. ക്രിസ്ത്യൻ വോട്ടുകൾ കൂടുതലുള്ള ചക്കിട്ട പാറ പഞ്ചായത്തിൽ ലീഡ് പിടിക്കാമെന്ന എൽ.ഡി.എഫ് മോഹവും പൊലിഞ്ഞു.ഇവിടെ യു.ഡി.എഫ് 840 വോട്ടിന്റെ ലീഡ് നേടി. മണ്ഡലത്തിൽ ഒരു വർഗീയ പ്രചാരണവും വില പോയില്ലെന്ന് വോട്ടിങ് പാറ്റേൺ പരിശോധിച്ചാൽ മനസ്സിലാവും.

എം.എൽ.എ നഷ്ട്ടപ്പെട്ടത് മാത്രമല്ല എൽ.ഡി.എഫിന് പേരാമ്പ്രയിലുണ്ടായ നഷ്ടം. തദ്ദേശ തെരഞ്ഞെടുപ്പിൽ പേരാമ്പ്ര മണ്ഡലത്തിലെ ആറു പഞ്ചായത്തും പേരാമ്പ്ര ബ്ലോക്ക് പഞ്ചായത്തും യു.ഡി.എഫ് പിടിച്ചെടുത്തു. എം.പി, എം.എൽ.എ, തദ്ദേശസ്ഥാപനങ്ങൾ, സംസ്ഥാന ഭരണം... അങ്ങനെ എല്ലാ അധികാരങ്ങളും കൈയ്യിൽ നിന്നു പോയ അസാധാരണമായ അവസ്ഥയാണ് എൽ.ഡി.എഫ് നേരിടുന്നത്. നഷ്ടപ്പെട്ട സ്വാധീനം തിരിച്ചുപിടിക്കാനും ഭരണത്തിൽ തിരിച്ചെത്താനും വലിയ തിരുത്തലുകൾ വേണമെന്നാണ് പാർട്ടി അണികൾ പറയുന്നത്.

Show Full Article
TAGS:perambra LDF Kerala Assembly Election 2026 Latest News 
News Summary - Defeat in Perambra; LDF still reeling from shock
Next Story