എസ്.ഐ.ആർ നൊച്ചാട് ബൂത്ത്; 401 വോട്ടർമാർക്ക് ഹിയറിങ് നോട്ടീസ്
text_fieldsപ്രതീകാത്മക ചിത്രം
പേരാമ്പ്ര: പേരാമ്പ്ര നിയോജക മണ്ഡലത്തിലെ ബൂത്ത് 230 നൊച്ചാട് തീവ്ര വോട്ടർ പട്ടിക പരിഷ്കരണത്തിന്റെ ഭാഗമായി 864 വോട്ടർമാരിൽ 401 വോട്ടർമാർക്ക് ഹിയറിങ്ങിന് ഹാജരാവാൻ നോട്ടീസ് ലഭിച്ചു. ഒരു ബൂത്തിലെ പകുതിയോളം പേർ മാപ്പിങ്ങിൽ ഉൾപ്പെടാതെ പോയത് വോട്ടർമാരിൽ ആശങ്കക്കിടയാക്കിയിട്ടുണ്ട്. സംഭവത്തെക്കുറിച്ച് അടിയന്തരമായി അന്വേഷിച്ച് നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് സി.പി.എം നൊച്ചാട് സൗത്ത് ലോക്കൽ സെക്രട്ടറി എടവന സുരേന്ദ്രൻ ജില്ല കലക്ടർക്ക് നിവേദനം നൽകി.
പ്രായമായവർക്കും ജോലി ആവശ്യത്തിനും പഠനത്തിനും മറ്റും ഇതര നാടുകളിൽ പോയവർക്കും രോഗികൾക്കുമുൾപ്പെടെ നോട്ടീസ് ലഭിച്ചിരിക്കുകയാണ്. ബൂത്ത് ഉൾക്കൊള്ളുന്ന വെള്ളിയൂരിൽനിന്ന് ഹിയറിങ്ങിന് ഹാജരാവാൻ ആവശ്യപ്പെട്ട നൊച്ചാട് വില്ലേജ് ഓഫിസിലേക്ക് മൂന്ന് കി.മീറ്റർ ദൂരമുണ്ട്. രോഗികൾക്ക് ഉൾപ്പെടെ പലർക്കും ഇവിടേക്ക് യാത്ര ചെയ്ത് എത്താൻ പ്രയാസമുണ്ടെന്ന് പരാതിയുണ്ട്. കുറഞ്ഞ ദിവസം കൊണ്ട് രേഖകൾ ഹാജരാക്കാൻ കഴിയാത്തവരുമുണ്ട്. അതുകൊണ്ട്, കലക്ടർ അടിയന്തര നടപടി സ്വീകരിക്കണമെന്ന് നിവേദനത്തിൽ ആവശ്യപ്പെട്ടു.


