സംസ്ഥാന ബജറ്റ്; പേരാമ്പ്ര മണ്ഡലത്തിന് 27 കോടി
text_fieldsപേരാമ്പ്ര: വിവിധ പദ്ധതികൾക്കായി പേരാമ്പ്ര നിയോജകമണ്ഡലത്തിന് സംസ്ഥാന ബജറ്റിൽ 27 കോടി രൂപ അനുവദിച്ചു. ചങ്ങരോത്ത് പഞ്ചായത്തിൽ പോളിടെക്നിക് സ്ഥാപിക്കാന്‍ അഞ്ചുകോടി രൂപ വകയിരുത്തി.
വനംവകുപ്പ് 2023ല്‍ പ്രഖ്യാപിച്ച ചക്കിട്ടപാറ പഞ്ചായത്തിലെ മുതുകാടുള്ള കടുവ സഫാരി പാര്‍ക്കിനും ബജറ്റില്‍ അഞ്ചുകോടി വകയിരുത്തിയിട്ടുണ്ട്. അകലാപ്പുഴയിലെ ടൂറിസം വികസനത്തിനും അഞ്ചുകോടിയും കുറ്റ്യാടി ജലസേചന പദ്ധതി കനാല്‍ നവീകരണത്തിന് അഞ്ചു കോടിയും അനുവദിച്ചിട്ടുണ്ട്. മുന്‍ വര്‍ഷങ്ങളിലും കനാല്‍ നവീകരണത്താനായി ഫണ്ട് അനുവദിച്ചിരുന്നു.
വലിയ തുക ആവശ്യമായി വരുന്നതിനാല്‍ ഘട്ടം ഘട്ടമായാണ് നവീകരണം നടത്തുന്നത്. പേരാമ്പ്രയില്‍ പുതുതായി അനുവദിച്ച ഡി.വൈ.എസ്.പി ഓഫിസ്, പൊലീസ് സ്റ്റേഷന് കെട്ടിടത്തിന് മൂന്നുകോടി രൂപയും നീക്കിവെച്ചു. നേരത്തേയുള്ള പേരാമ്പ്ര സര്‍ക്കിള്‍ ഇൻസ്പെക്ടറുടെ ഓഫിസാണ് നിലവില്‍ ഡിവൈ.എസ്.പി ഓഫിസായി പ്രവര്‍ത്തിക്കുന്നത്.
കീഴരിയൂർ ശ്രീവാസുദേവാശ്രമം ഹയര്‍സെക്കൻഡറി സ്കൂള്‍ കെട്ടിടത്തിന് നാലുകോടി രൂപയും ബജറ്റില്‍ വകയിരുത്തി. എല്ലാ പദ്ധതികളും ടെന്‍ഡര്‍ ചെയ്യാന്‍ ആവശ്യമായ 20 ശതമാനം തുകയാണ് ആദ്യഘട്ടത്തില്‍ അനുവദിക്കുന്നത്.