ബസ് സ്റ്റോപ് ബോർഡ് വന്നു; പക്ഷേ, യാത്രക്കാർ എവിടെ നിൽക്കും?
text_fieldsപേരാമ്പ്ര-വടകര റോഡിൽ ബസ് നിർത്തുന്ന സ്ഥലത്ത് ഇരുചക്ര വാഹനങ്ങൾ പാർക്ക് ചെയ്ത നിലയിൽ
പേരാമ്പ്ര: ടൗണിൽ റോഡ് നവീകരണത്തിന്റെ ഭാഗമായി രണ്ടു വർഷം മുമ്പ് പൊളിച്ചുമാറ്റിയ ബസ് കാത്തിരിപ്പു കേന്ദ്രങ്ങൾ പുനർനിർമിച്ചില്ലെങ്കിലും അവിടെ ബസ് സ്റ്റോപ് ബോർഡുകൾ സ്ഥാപിച്ചു. എന്നാൽ, ബസ് കാത്ത് എവിടെ നിൽക്കുമെന്ന് ആരോടും ചോദിക്കരുത്. വെയിലും മഴയും കൊള്ളാതെ നിൽക്കാനോ ഇരിക്കാനോ ഒരു സൗകര്യവും സമീപത്തൊന്നുമില്ല. കൂടാതെ ഈ ബോർഡിനു മുന്നിൽ ഇരുചക്ര വാഹനങ്ങൾ പാർക്ക് ചെയ്യുന്നുമുണ്ട്. ബസ് കാത്തുനിൽക്കുന്ന സ്ഥലത്ത് കാൽനടയാത്രക്കാർക്ക് സുരക്ഷിതമായി റോഡ് മുറിച്ചുകടക്കുന്നതിനുള്ള സീബ്ര ലൈനുകളും ഒരുക്കിയിട്ടില്ല.
പേരാമ്പ്ര മത്സ്യ മാർക്കറ്റിനോട് ചേർന്ന് മരക്കാടി തോടിന് സമീപവും വടകര റോഡിലുമുള്ള ബസ് കാത്തിരുപ്പു കേന്ദ്രങ്ങളാണ് രണ്ടു വർഷം മുമ്പ് റോഡ് നവീകരണത്തിന്റെ ഭാഗമായി പൊളിച്ചുമാറ്റിയത്. പല സ്ഥലങ്ങളിൽനിന്നും മാർക്കറ്റിലേക്കും മറ്റു ആവശ്യങ്ങൾക്കുമായി നിരവധി യാത്രക്കാരെത്തുന്ന സ്ഥലവും ദിനംപ്രതി നൂറുകണക്കിന് ബസുകൾ നിർത്തുന്ന സ്ഥലം കൂടിയാണിത്. പലതവണ ഈ വിഷയം ബന്ധപ്പെട്ട അധികാരികളുടെ ശ്രദ്ധയിൽപ്പെടുത്തിയിട്ടും കാത്തിരുപ്പു കേന്ദ്രങ്ങൾ പുനർനിർമിക്കാൻ ഒരു നടപടിയുമുണ്ടായില്ലെന്ന് നാട്ടുകാർ പറയുന്നു.
മരക്കാടി തോടിന് സമീപം കുറ്റ്യാടി, കടിയങ്ങാട്, പന്തിരിക്കര, പെരുവണ്ണാമുഴി, ചെമ്പനോട, പൂഴിത്തോട്, മുതുകാട് ഭാഗത്തേക്ക് പോകേണ്ട യാത്രക്കാരും വടകര റോഡിൽ ചെറുവണ്ണൂർ, മുയിപ്പോത്ത്, എരവട്ടൂർ, വാല്യാക്കോട്, അഞ്ചാംപീടിക, അരിക്കുളം, മേപ്പയൂർ ഭാഗങ്ങളിലേക്കുള്ള യാത്രക്കാരുമാണ് ഇവിടെ ബസ് കാത്തുനിൽക്കുന്നത്. എത്രയും പെട്ടെന്നുതന്നെ ബസ് കാത്തിരിപ്പ് കേന്ദ്രങ്ങൾ നിർമിച്ച് യാത്രാക്ലേശം പരിഹരിക്കാൻ അധികാരികൾ അടിയന്തരനടപടി സ്വീകരിക്കണമെന്നാന്ന് നാട്ടുകാർ ആവശ്യപ്പെടുന്നത്.