പേരാമ്പ്രയിൽ കാട്ടുപന്നികൾ നെൽകൃഷി നശിപ്പിക്കുന്നു
text_fieldsപേരാമ്പ്ര പഞ്ചായത്തിലെ പത്തൊമ്പതാം വാർഡിൽ കടുകുഴി പാടശേഖരത്തിൽ കാട്ടുപന്നികൾ നശിപ്പിച്ച നെൽകൃഷി
പേരാമ്പ്ര: പേരാമ്പ്ര പഞ്ചായത്തിലെ പത്തൊമ്പതാം വാർഡിൽ കടുകുഴി പാടശേഖരത്തിൽ കാട്ടുപന്നികൾ നെൽകൃഷി നശിപ്പിക്കുന്നു. കതിരിട്ട് വിളവെടുപ്പിന് പാകമായ നെൽകൃഷിയാണ് പന്നിക്കൂട്ടം വ്യാപകമായി നശിപ്പിക്കുന്നത്. നെല്ലിന് പുറമെ വാഴ, വിവിധതരം പച്ചക്കറികൾ എന്നിവയും പന്നികൾ നശിപ്പിച്ചിട്ടുണ്ട്.
രാത്രികാലങ്ങളിൽ കൂട്ടമായെത്തുന്ന പന്നികൾ ഏക്കർ കണക്കിന് കൃഷിയിടമാണ് ഉഴുതുമറിക്കുന്നത്. കഠിനാധ്വാനം ചെയ്തും വലിയ തുക കടമെടുത്തും കൃഷിയിറക്കിയ കർഷകർക്ക് ലക്ഷക്കണക്കിന് രൂപയുടെ നഷ്ടമാണ് ഇതുവഴി ഉണ്ടായിരിക്കുന്നത്. പ്രതിസന്ധിയിലായി കർഷകർ രാസവളങ്ങളുടെ അമിതവിലയും കൂലി വർധനയും കാരണം കഷ്ടപ്പെടുന്ന കർഷകർക്ക് ഇരട്ടി പ്രഹരമാവുകയാണ് വന്യമൃഗശല്യം. വന്യമൃഗശല്യം തടയാൻ ഫലപ്രദമായ നടപടികൾ സ്വീകരിക്കാത്തപക്ഷം ശക്തമായ പ്രതിഷേധ പരിപാടികളുമായി മുന്നോട്ടുപോകാനാണ് കർഷകരുടെ തീരുമാനം.


