ഇറാൻ അക്രമണത്തിൽ പ്രതികരിക്കാത്ത പ്രധാനമന്ത്രി രാജ്യത്തെ അപമാനിക്കുന്നു –മുഖ്യമന്ത്രി
text_fieldsകോഴിക്കോട്: ഇറാനെതിരെ അതിക്രൂരത നടക്കുമ്പോഴും പ്രതികരിക്കാത്ത പ്രധാനമന്ത്രി മോദി രാജ്യത്തെ അപമാനിക്കുകയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കോഴിക്കോട് മുതലക്കുളത്ത് എൽ.ഡി.എഫ് സംഘടിപ്പിച്ച യുദ്ധവിരുദ്ധ റാലി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ഇറാന്റെ പരമോന്നത പദവിയിലിരിക്കുന്നയാളെ കുടുംബസമേതം കൊല്ലുമ്പോഴും ഇസ്രായേലിന്റെ നേതാവിനെ കെട്ടിപ്പുണരാനാണ് പ്രധാനമന്ത്രി സമയം കണ്ടെത്തിയത്. രാജ്യത്തിന്റെ അതിഥികളായെത്തി മടങ്ങിപോവുന്ന ഇറാൻ നാവിക സേനയെ കടലിൽവെച്ച് അമേരിക്ക ആക്രമിച്ചപ്പോഴും നാവികർ കൊലചെയ്യപ്പെട്ടപ്പോഴും ഒരക്ഷരം ഉരിയാടാൻ പ്രധാനമന്ത്രി തയാറായിട്ടില്ല. നമ്മുടെ അതിഥികളായി പരിപാടിയിൽ പങ്കെടുത്ത് തിരിച്ചുപോകുന്നവർ ആക്രമിക്കപ്പെട്ടാൽ അത് ശരിയായില്ല എന്നെങ്കിലും പറയാൻ ഒരു ഭരണാധികാരി തയാറാവണ്ടേ? രാജ്യത്തെതന്നെ അപമനിക്കുന്നവിധം മോദി സർക്കാർ മാറുമ്പോൾ ഇന്ത്യൻ ജനത ഒറ്റക്കെട്ടായി പ്രതിരോധിക്കണമെന്നും പിണറായി പറഞ്ഞു.
ആദ്യ പ്രധാനമന്ത്രി നെഹ്റുവിന്റെ നേതൃത്വത്തിലുള്ള സർക്കാർ കൃത്യമായ സാമ്രാജ്യത്വവിരുദ്ധ നിലപാടാണ് സ്വീകരിച്ചത്. ലോകത്താകെ ഉയർന്നുവന്ന സാമ്രാജ്യത്വ വിരുദ്ധ പോരാട്ടങ്ങളുടെകൂടെ വലിയ ശക്തിയായി ഇന്ത്യ ഉണ്ടായിരുന്നു. പക്ഷേ കാലക്രമേണ അതുമാറി മാറി. ആ മാറ്റം കോൺഗ്രസിന്റെ കാലത്തു തന്നെ ഉണ്ടായതാണ്. യു.പി.എ സർക്കാരിന്റെ കാലത്ത് ആണവ കരാറുമായി ബന്ധപ്പെട്ടുള്ള ഉടമ്പടി അമേരിക്കയുടെ കീഴാള രാഷ്ട്രമാക്കി ഇന്ത്യയെ മാറ്റി. ബി.ജെ.പി സർക്കാർ ഇസ്രായേലിനെ പൂർണമായി അംഗീകരിക്കുന്ന നിലയുണ്ടായി. ഇസ്രായേലിലെ സയണിസ്റ്റുകളും ഇവിടത്തെ ആർ.എസ്.എസും ഇരട്ടപെറ്റ സഹോദരങ്ങളാണെന്നും പിണറായി പറഞ്ഞു.



