അത്യാഹിത വിഭാഗത്തിൽ പൊലീസ് പടിവാതിൽക്കൽ; പുതിയ പൊലീസ് എയ്ഡ് പോസ്റ്റ് നിർമാണം പുരോഗമിക്കുന്നു
text_fieldsകോഴിക്കോട്: തീപിടിത്തത്തെ തുടർന്ന് അടച്ചിട്ട മെഡി. കോളജ് പി.എം.എസ്.എസ്.വൈ സൂപ്പർ സ്പെഷാലിറ്റി അത്യാഹിത വിഭാഗം പ്രവർത്തനം പുനരാരംഭിക്കുമ്പോൾ പൊലീസിനെ തപ്പി നടക്കേണ്ടിവരില്ല. അത്യാഹിത വിഭാഗത്തിന്റെ പ്രധാന പ്രവേശന കവാടത്തോടനുബന്ധിച്ച് പുതിയ പൊലീസ് എയ്ഡ് പോസ്റ്റ് നിർമാണം പുരോഗമിക്കുകയാണ്. 13 ലക്ഷം രൂപ ചെലവിലാണ് എയ്ഡ് പോസ്റ്റ് നിർമിക്കുന്നത്.
നിലവിൽ അത്യാഹിത വിഭാഗത്തിനുള്ളിലാണ് എയ്ഡ്പോസ്റ്റുണ്ടായിരുന്നത്. ഇവിടെ പ്രത്യേക സൗകര്യങ്ങളൊന്നും എയ്ഡ്പോസ്റ്റിനായി ഒരുക്കിയിരുന്നില്ല. അന്വേഷണ കൗണ്ടറിനു മുൻഭാഗത്തായി രണ്ടു സീറ്റ് മാത്രമാണ് ഉണ്ടായിരുന്നത്. ശൗചാലയം അടക്കമുള്ള സൗകര്യം ഒരുക്കണമെന്ന് പൊലീസ് അസോസിയേഷൻ നിരന്തരം ആവശ്യപ്പെട്ടിരുന്നു. തുടർന്നാണ് തോട്ടത്തിൽ രവീന്ദ്രൻ എം.എൽ.എ ഫണ്ട് അനുവദിച്ചത്.
നേരത്തേ അത്യാഹിത വിഭാഗം പഴയ ബ്ലോക്കിൽ പൊലീസിന് പ്രത്യേക എയ്ഡ് പോസ്റ്റ് സൗകര്യം ഉണ്ടായിരുന്നു. എന്നാൽ, അത്യാഹിത വിഭാഗം പുതിയ കെട്ടിടത്തിലേക്ക് മാറ്റിയെങ്കിലും എയ്ഡ്പോസ്റ്റിനുള്ള സൗകര്യം ഒരുക്കിയിരുന്നില്ല. പകരം പി.എം.എസ്.വൈ പ്രധാന ഗേറ്റിലെ സെക്യൂറ്റി കാബിൻ എയ്ഡ്പോസ്റ്റായി അനുവദിക്കുകയായിരുന്നു. ഇതു ശീതീകരിച്ചിരുന്നെങ്കിലും ശൗചാലയ സൗകര്യം ഉണ്ടായിരുന്നില്ല.
മാത്രമല്ല, ഗേറ്റിലെ എയ്ഡ്പോസ്റ്റ് ആശുപത്രിയിലെത്തുന്ന രോഗികൾക്ക് ഉപകാരപ്രദമാകുന്നില്ലെന്നും ആക്ഷേപം ഉയർന്നിരുന്നു. നിർമാണത്തിലിരിക്കുന്ന എയ്ഡ്പോസ്റ്റ് തുറക്കുന്നതോടെ പി.എം.എസ്.എസ്.വൈ സൂപ്പർ സ്പെഷാലിറ്റി കെട്ടിടത്തിലെത്തുന്ന രോഗികൾക്കും കൂട്ടിരിപ്പുകാർക്കും പൊലീസ് സേവനം എളുപ്പത്തിൽ ലഭ്യമാവും.
അതേസമയം, നിലവിലുള്ള എയ്ഡ്പോസ്റ്റിന് സമീപം ശൗചാലയ സൗകര്യം ഒരുക്കുന്നതിനുപകരം ആശുപത്രിയുടെ ഗാർഡനിങ് ഏരിയയിൽ ഏച്ചുകെട്ടി നിർമാണം നടത്തുന്നത് കെട്ടിടത്തിന് അഭംഗിയാവുമെന്ന ആക്ഷേപവും ഉയരുന്നുണ്ട്. തീപിടിത്തത്തെ തുടർന്ന് അടച്ചിട്ട കെട്ടിടം ഇതുവരെ തുറന്നിട്ടില്ല.