കൊടുവള്ളി സി.എച്ച്.സിയിലെ റേഡിയോഗ്രാഫർ തസ്തിക മാറ്റാനുള്ള നീക്കത്തിനെതിരെ പ്രതിഷേധം
text_fieldsകൊടുവള്ളി കമ്യൂണിറ്റി ഹെൽത്ത് സെന്റർ
കൊടുവള്ളി: ദിനംപ്രതി നൂറുകണക്കിന് സാധാരണക്കാരായ രോഗികൾ ചികിത്സ തേടിയെത്തുന്ന കൊടുവള്ളി കമ്യൂണിറ്റി ഹെൽത്ത് സെന്ററിലെ റേഡിയോഗ്രാഫർ തസ്തിക കൊടുവള്ളിയിൽത്തന്നെ നിലനിർത്തുമെന്ന് ആരോഗ്യമന്ത്രി ഉറപ്പ് നൽകിയതായി പി.കെ. ഫിറോസ് എം.എൽ.എ അറിയിച്ചു. തസ്തിക മാറ്റാനുള്ള നീക്കത്തിനെതിരെ ആരോഗ്യ വകുപ്പ് മന്ത്രിയെ നേരിൽക്കണ്ട് കത്ത് നൽകിയതിനെ തുടർന്നാണ് ഉറപ്പ് ലഭിച്ചത്.
സർക്കാർ ജീവനക്കാരുടെ പുനർവിന്യാസത്തിന്റെ ഭാഗമായി സി.എച്ച്.സിയിൽ നിലവിലുള്ള രണ്ട് റേഡിയോഗ്രാഫർ തസ്തികകളിൽ ഒന്ന് മറ്റൊരു ആശുപത്രിയിലേക്ക് മാറ്റുന്നതിനുള്ള നടപടികളാണ് ആരംഭിച്ചിരുന്നത്. ഇതോടെ ഉച്ചക്കുശേഷമുള്ള എക്സ്റേ പരിശോധന സേവനം നിലക്കുമെന്ന ആശങ്ക ഉയർന്നിരുന്നു. നേരത്തെ ഒരു റേഡിയോഗ്രാഫർ മാത്രമുണ്ടായിരുന്ന കാലത്ത് ഡിജിറ്റൽ എക്സ്റേ യൂനിറ്റ് ഉച്ചവരെ മാത്രമാണ് പ്രവർത്തിച്ചിരുന്നത്. ജീവനക്കാരൻ അവധിയിലാകുന്ന ദിവസങ്ങളിൽ സേവനം പൂർണമായും നിലക്കുന്ന സാഹചര്യവുമുണ്ടായിരുന്നു.
ഇതിന് പരിഹാരമായാണ് 2022 ആഗസ്റ്റിൽ ഉച്ചക്കു ശേഷമുള്ള ഷിഫ്റ്റിലേക്ക് പുതിയ റേഡിയോഗ്രാഫർ തസ്തിക അനുവദിച്ചത്. നിലവിൽ വൈകീട്ട് ആറുവരെ ഒ.പി. പ്രവർത്തിക്കുന്ന സി.എച്ച്.സിയിൽ തസ്തിക മാറ്റുന്നതോടെ ഉച്ചക്കു ശേഷം എത്തുന്ന രോഗികൾ എക്സ്റേ പരിശോധനക്കായി സ്വകാര്യ സ്ഥാപനങ്ങളെ ആശ്രയിക്കേണ്ടിവരുമായിരുന്നു. സി.എച്ച്.സിയിൽ 17 വയസ്സുവരെയുള്ള കുട്ടികൾക്ക് എക്സ്റേ പരിശോധന പൂർണമായും സൗജന്യമായും 18 വയസ്സിന് മുകളിലുള്ളവർക്ക് 100 രൂപ നിരക്കിലുമാണ് നൽകുന്നത്. എന്നാൽ സ്വകാര്യ സ്ഥാപനങ്ങളിൽ ഇതേ പരിശോധനക്ക് 500 രൂപയോ അതിലധികമോ ചെലവാകുന്ന സാഹചര്യമാണുള്ളത്.
സാധാരണ എക്സ്റേ യൂനിറ്റിന് പുറമെ ഡെന്റൽ എക്സ്റേ സൗകര്യവും സി.എച്ച്.സിയിൽ ലഭ്യമാണ്. റേഡിയോഗ്രാഫർ തസ്തികയിൽ കുറവുണ്ടാകുന്നത് ഡെന്റൽ എക്സ്റേ ഉൾപ്പെടെയുള്ള സേവനങ്ങളെയും ബാധിക്കുമെന്ന ആശങ്കയും ഉയർന്നിരുന്നു. കൊടുവള്ളിയിലെയും സമീപ പ്രദേശങ്ങളിലെയും സാധാരണക്കാരായ നൂറുകണക്കിന് രോഗികളെ നേരിട്ട് ബാധിക്കുന്ന തസ്തിക മാറ്റാനുള്ള നീക്കത്തിനെതിരെ പ്രതിഷേധം ശക്തമായിരുന്നു. ഈ സാഹചര്യത്തിലാണ് തസ്തിക കൊടുവള്ളിയിൽത്തന്നെ നിലനിർത്തണമെന്നാവശ്യപ്പെട്ട് ആരോഗ്യ മന്ത്രിയെ നേരിൽക്കണ്ട് നിവേദനം നൽകിയതെന്ന് പി.കെ. ഫിറോസ് എം.എൽ.എ പറഞ്ഞു.
അടുത്ത ദിവസങ്ങളിൽ തന്നെ തസ്തിക കൊടുവള്ളി സി.എച്ച്.സിയിൽ പുനഃസ്ഥാപിച്ചുകൊണ്ടുള്ള ഉത്തരവ് ഇറങ്ങുമെന്ന് മന്ത്രി ഉറപ്പ് നൽകിയിട്ടുണ്ട്. കഴിഞ്ഞ സർക്കാറിന്റെ കാലത്ത് എടുത്ത തീരുമാനത്തിന്റെ ഭാഗമായാണ് നിലവിൽ തസ്തിക മാറ്റുന്നതിനുള്ള ഉത്തരവ് ഉണ്ടായതെന്നും എം.എൽ.എ വ്യക്തമാക്കി.


