കൈകേയി
text_fieldsകേകയരാജാവായ യുധാജിത്തിന്റെ സഹോദരിയായിരുന്നു ദശരഥന്റെ ഭാര്യയായ കൈകേയി. മായായുദ്ധംകൊണ്ട് ദേവന്മാരെ പൊറുതിമുട്ടിച്ച ശംബരാസുരനോടും അനുയായികളോടും ഒരേസമയം പത്തു ദിക്കിലേക്ക് അഭിമുഖമായി നിന്നുകൊണ്ട് ദശരഥൻ പോരാടവെ ഉൗരിത്തെറിച്ച തേർച്ചക്രം സ്വന്തം വിരലിനാൽ ഉറപ്പിച്ചുനിർത്തിയതാണ് അവരെ ഇഷ്ടവരലബ്ധിക്ക് അർഹയാക്കിയത്.
സ്വപുത്രനായ ഭരതനെ രാജാവായി വാഴിക്കണമെന്നും രാമനെ കാട്ടിലേക്ക് അയക്കണമെന്നുമുള്ള വരമാണ് ശ്രീരാമപട്ടാഭിഷേകസമയത്ത് അവർ ദശരഥനോട് ആവശ്യപ്പെടുന്നത്. വലിയൊരു വഴിത്തിരിവാണ് ഇതിഹാസകഥയിൽ അതുണ്ടാക്കിയത്. പ്രതിനായികയായും ദുരന്തകഥാപാത്രമായും തിന്മയുടെ വിളനിലമായും മനുഷ്യത്വമില്ലായ്മയുടെ ദൃഷ്ടാന്തമായുമൊക്കെ ലോകം അവരെ വിലയിരുത്തി. തന്നോട് ഏറ്റവും സ്നേഹവാത്സല്യങ്ങളുള്ള കൈകേയി മാതാവിന്റെ തീരുമാനം പരേപ്രരണയാൽ കലങ്ങിമറിഞ്ഞ മനസ്സിൽനിന്ന് ഉരുത്തിരിഞ്ഞതാണെന്ന് ശ്രീരാമൻ തിരിച്ചറിയുന്നുണ്ട്.
സ്വനിയോഗവും ജീവിതലക്ഷ്യവും വ്യക്തമായി അറിയുന്ന അദ്ദേഹത്തിന് കൈകേയിയുടെ അവകാശവാദങ്ങളോ അനന്തരസംഭവങ്ങളോ യാതൊരു കുലുക്കവുമുണ്ടാക്കിയില്ല. തന്റെ സത്യനിഷ്ഠ, ധർമബോധം, ത്യാഗസന്നദ്ധത, ആത്മബലം, കർമകുശലത, വിശ്വാസ്യത, മൂല്യവീക്ഷണം എന്നിവ ലോകത്തിന് വെളിപ്പെടുത്തുന്നതിനുള്ള സുവർണാവസരമായാണ് കൈകേയി നിമിത്തം മുടങ്ങിപ്പോയ പട്ടാഭിഷേകത്തെയും തുടർന്നുള്ള വനവാസത്തെയും ശ്രീരാമൻ ഉൾക്കൊണ്ടത്.
ശരിതെറ്റുകൾക്കും നന്മതിന്മകൾക്കും ഉപരിയുള്ള തലത്തിലേക്ക് ജീവരാശിയെ ഉയർത്തുകയാണ് പുരാണേതിഹാസങ്ങളുടെ ലക്ഷ്യം. ധാർമികവും നൈതികവുമായ മൂല്യങ്ങളുടെ വിട്ടുവീഴ്ചയില്ലാത്തതും സമയോചിതവും കാര്യക്ഷമവും മാതൃകാപരവുമായ ആചരണത്തിലാണ് അവയുടെ ഊന്നൽ. കൈകേയി സരസ്വതിയുടെ അവതാരമെന്നും രാമാവതാരത്തിന്റെ ഉദ്ദേശ്യലക്ഷ്യങ്ങൾ പൂർത്തീകരിക്കാനാണ് അവർ ശ്രമിച്ചതെന്നും പുരാണങ്ങളിൽ വായിക്കാം.