കുട്ടികളുടെ വാര്‍ഡില്‍ കേക്ക് വിതരണത്തിന് നിയന്ത്രണം
text_fieldsകോഴിക്കോട്: ജീവിതശൈലി രോഗങ്ങള്‍ വര്‍ധിച്ചുവരുന്നതിന് പ്രധാന കാരണങ്ങളിലൊന്ന് ഭക്ഷണരീതിയായതിനാല്‍ ജില്ലയിൽ വകുപ്പിന് കീഴില്‍ വരുന്ന സ്ഥാപനങ്ങളില്‍ മാര്‍ഗനിർദേശവുമായി ജില്ല ആരോഗ്യ വകുപ്പ്. ജന്മദിനം തുടങ്ങിയ ആഘോഷങ്ങളില്‍ കേക്ക്, മറ്റ് മധുരപലഹാരങ്ങൾ എന്നിവ ഒഴിവാക്കണമെന്ന് ജില്ല മെഡിക്കല്‍ ഓഫിസര്‍ പുറത്തിറക്കിയ മാർഗനിർദേശത്തിൽ പറയുന്നു.
പ്രസവത്തെതുടര്‍ന്ന് വാര്‍ഡുകളില്‍ മധുര പലഹാരം വിതരണം ചെയ്യരുതെന്ന് വാര്‍ഡില്‍ ബോര്‍ഡ് വെക്കണം. പകരം ഈത്തപ്പഴമോ പഴവർഗങ്ങളോ വിതരണം ചെയ്യാം. ഡിസംബര്‍ 20 മുതല്‍ ജനുവരി 10 വരെ നവവത്സര ആഘോഷങ്ങളില്‍ കേക്ക് അനുവദനീയമാണ്. കുട്ടികളുടെ വാര്‍ഡില്‍ വര്‍ഷത്തില്‍ പരമാവധി ആറ് തവണ കേക്ക് വിതരണം ചെയ്യാം. രണ്ട് ടീസ്പൂണ്‍ കൂടാത്ത അളവില്‍ ക്ഷേത്രങ്ങളിലെയും മറ്റും പ്രസാദം വിതരണം ചെയ്യാം.
ആരോഗ്യവകുപ്പുമായി ബന്ധപ്പെട്ട പരിശീലന പരിപാടികളിലും അവലോകനയോഗങ്ങളിലും ചായ, കാപ്പി എന്നിവക്ക് പകരം ശുദ്ധമായ കുടിവെള്ളവും വേവിക്കാത്ത പഴങ്ങളും പച്ചക്കറികളും നല്‍കാം. നിലക്കടല, കശുവണ്ടി, പിസ്ത, ബദാം, കുമ്പളക്കുരു, ഈത്തപ്പഴം എന്നിവയും മിതമായി നല്‍കാം.
പുഴുങ്ങിയ മുട്ടയോ ആവിയില്‍ വെന്ത പലഹാരങ്ങളോ ആണ് പിന്നെ നല്ലത്. മധുര പലഹാരങ്ങള്‍, ബിസ്കറ്റുകള്‍, എണ്ണയില്‍ പൊരിച്ച പലഹാരങ്ങള്‍, ബിരിയാണി, നെയ്ച്ചോര്‍, ഫ്രൈഡ് റൈസ്, പൊറോട്ട എന്നിവ പൂർണമായും ഒഴിവാക്കേണ്ടതാണെന്നും നിർദേശിക്കുന്നു. മദ്യപാനം പുകവലി ഇവ ഒഴിവാക്കാനും ദിവസം 20 മിനിറ്റ് എങ്കിലും വ്യായാമം ചെയ്യാനും ജീവനക്കാര്‍ ശ്രദ്ധിക്കേണ്ടതാണെന്നും ജില്ല മെഡിക്കല്‍ ഓഫിസര്‍ നിർദേശിച്ചു.