കടൽക്ഷോഭത്തിൽ രണ്ടു വഞ്ചികൾ മറിഞ്ഞു; ഏഴ് തൊഴിലാളികളെ രക്ഷപ്പെടുത്തി
text_fieldsവഞ്ചി മറിഞ്ഞ് കടലിൽ അപകടത്തിൽപെട്ട തൊഴിലാളികളെ രക്ഷപ്പെടുത്തി ബേപ്പൂർ
തുറമുഖത്ത് എത്തിക്കുന്നു
ബേപ്പൂർ: കടൽക്ഷോഭത്തിൽ ചാലിയത്തുനിന്ന് ഒഴുക്കൽ വലയുമായി മത്സ്യബന്ധനത്തിന് പോയ രണ്ട് ഫൈബർ വഞ്ചികൾ കീഴ്മേൽ മറിഞ്ഞു. ഏഴ് തൊഴിലാളികളെ രക്ഷപ്പെടുത്തി. ചാലിയം സ്വദേശി ഖാദറിന്റെ ഉടമസ്ഥതയിലുള്ള വഞ്ചി ശനിയാഴ്ച രാവിലെ ഏഴോടെയാണ് അപകടത്തിൽപെട്ടത്. മത്സ്യബന്ധനം നടത്തി തിരിച്ച് വരുന്നതിനിടെയാണ് കൂറ്റൻ തിരമാലയിൽപെട്ട് ചാലിയം പുലിമുട്ടിന് സമീപംവെച്ച് കീഴ്മേൽ മറിഞ്ഞ് മൂന്നുപേർ അപകടത്തിലായത്.
അപകടം ശ്രദ്ധയിൽപ്പെട്ട മറ്റു വഞ്ചികളിലെ മത്സ്യത്തൊഴിലാളികൾ ഉടൻ കോസ്റ്റൽ പൊലീസ് സ്റ്റേഷനിലും ഫിഷറീസ് ഓഫിസിലും വിവരമറിയിച്ചു. അസിസ്റ്റന്റ് ഡയറക്ടർ വി. സുനീറിന്റെ നിർദേശപ്രകാരം ഫിഷറീസിന്റെ റെസ്ക്യൂ ബോട്ട് ‘ഗോൾഡൻ’ രക്ഷാ പ്രവർത്തനത്തിന് കടലിലേക്ക് കുതിച്ച് തൊഴിലാളികളെ രക്ഷിച്ച് ബേപ്പൂർ തുറമുഖത്ത് എത്തിച്ചു.
ചാലിയം വാക്കടവ് സ്വദേശി ബാവ എന്ന അബ്ദുൽസലാം (50), വെസ്റ്റ് ബംഗാൾ കൽക്കത്ത സ്വദേശികളായ സ്വദേശികളായ കലാച് ദാസ് (43), ഷക്കീൽ അൻസാരി (19) എന്നിവരാണ് വഞ്ചിയിലുണ്ടായിരുന്നത്. അപകടത്തിൽ വള്ളവും വലയും എൻജിനുകളും മറ്റുപകരണങ്ങളും നഷ്ടപ്പെട്ടിട്ടുണ്ട്. മൂന്നരലക്ഷം രൂപയുടെ നഷ്ടം കണക്കാക്കുന്നു. ഉച്ചകഴിഞ്ഞ് ചാലിയം സ്വദേശിയുടെ ‘രിഫായി’ വഞ്ചിയും നാല് തൊഴിലാളികളും അപകടത്തിൽപ്പെട്ടു. വെസ്റ്റ് ബംഗാൾ കൽക്കത്ത സ്വദേശികളായ ഗോപാൽദുലൈ (29), സോണ്ടു (24), സപൽ പ്രമാണിക് (38), സിക്കാന്ദ(49) എന്നിവരെയാണ് രക്ഷപ്പെടുത്തി ബേപ്പൂരിൽ എത്തിച്ചത്.
രക്ഷാപ്രവർത്തനത്തിൽ കോസ്റ്റൽ പൊലീസും മറൈൻ പൊലീസും റെസ്ക്യൂ ഗാർഡ് മാരായ ഷൈജു, രാജേഷ് എന്നിവരും ഉണ്ടായിരുന്നു. കടൽ പ്രക്ഷുബ്ധമായതിനാൽ വഞ്ചി കെട്ടിവലിച്ച് എത്തിക്കാൻ സാധിച്ചില്ല. വഞ്ചി ഇപ്പോഴും കടലിൽതന്നെ നങ്കൂരമിട്ട നിലയിലാണ്. കാലാവസ്ഥാ മുന്നറിയിപ്പ് അവഗണിച്ച് കടലിൽ പോകരുതെന്നും കടലിൽ പോകുന്ന മത്സ്യത്തൊഴിലാളികൾ സുരക്ഷാസംവിധാനങ്ങൾ പൂർണമായും പാലിക്കണമെന്നും ഫിഷറീസ് വകുപ്പ് മുന്നറിയിപ്പ് നൽകി.