ഗ്രഹസംഗമത്തിൽ പുലർകാലത്തും ആകാശക്കാഴ്ച
text_fieldsപ്രചരിക്കുന്ന ചിത്രം, യഥാർഥ കാഴ്ച
കോഴിക്കോട്: രാത്രിയിലെ ആകാശക്കാഴ്ച കണ്ട് മതിമറക്കുന്നവർക്ക് വാനം വരും ദിവസം പുലർകാല കാഴ്ചയുമൊരുക്കുന്നു. വെള്ളിയാഴ്ച പുലർച്ച 4.30 ഓടെ കിഴക്കൻ മാനത്ത് ഉദിച്ചുയരുന്ന ചന്ദ്രക്കല രസകരമായൊരു ഗ്രഹസംഗമത്തിന്റെ ഭാഗമായി മാറും. ചന്ദ്രക്കലയുടെ ഇരുഭാഗങ്ങളിലും ശുക്ര ഗ്രഹവും (venus) ശനി ഗ്രഹവും (Saturn) മനോഹരമായി അണിചേർന്നു നിൽക്കും. ഇതു കാണാൻ ടെലസ്കോപോ ബൈനോക്കുലറോ ഒന്നും ആവശ്യമില്ല. ലോക മാധ്യമങ്ങൾ ‘ആകാശ പുഞ്ചിരി’ എന്ന പേരിൽ ഇതിന് ഏറെ പ്രചാരം നൽകിക്കഴിഞ്ഞു.
എന്നാൽ, ചിത്രങ്ങളിൽ കാണിക്കുന്നപോലെ ഈ സംഗമം മനോഹരമായി പുഞ്ചിരിക്കുന്ന ഒരു മുഖമായല്ല നമുക്ക് കാണുക. പകരം നേർത്ത ചന്ദ്രക്കലയുടെ ഒരു ഭാഗത്ത് പ്രകാശം കൂടിയ ശുക്രനും മറുഭാഗത്ത് പ്രകാശം കുറഞ്ഞ ശനിയുമായി അത്ര ചൊവ്വില്ലാത്ത ഒരു രൂപത്തിലായിരിക്കും ദർശിക്കുക. ഗ്രഹസംഗമം എന്നാൽ, ഭൂമിയിൽനിന്നുള്ള ഒരു കാഴ്ച മാത്രമാണ്. യഥാർഥത്തിൽ ഈ ഗ്രഹങ്ങൾ കോടിക്കണക്കിന് കി.മീ അകലെയാണ്.
ശുക്രൻ ഇപ്പോൾ അതിന്റെ സമീപകാലത്തെ ഏറ്റവും നല്ല തിളക്കത്തിലേക്ക് നീങ്ങുകയാണ്. ഈ ഗ്രഹ ചന്ദ്രസംഗമത്തിന് അൽപം താഴെ ബുധ ഗ്രഹത്തെയും (Mercury) കാണാൻ കഴിയും. ഗ്രഹചന്ദ്ര സംഗമങ്ങൾ അപൂർവമല്ലെങ്കിലും ‘സ്മൈലി ഫേസ്’ എന്ന പ്രയോഗവും അതോടൊപ്പം ചേർത്ത ചിത്രങ്ങളും വൈറലായിക്കഴിഞ്ഞുവെന്നും സൂര്യപ്രകാശം എത്തുന്നതോടെ കാഴ്ച മങ്ങിത്തുടങ്ങുമെന്നും അമച്വർ അസ്ട്രോണമറും അസ്ട്രോകോളമിസ്റ്റുമായ സുരേന്ദ്രൻ പുന്നശ്ശേരി പറഞ്ഞു. ഒരു സാധാരണ മൊബൈൽ ഫോണിൽ ഈ ദൃശ്യം പകർത്താൻ കഴിയുമെന്നും അദ്ദേഹം പറഞ്ഞു.