എയർ ഇന്ത്യ എക്സ്പ്രസ് സർവിസ് പിൻവലിക്കാനുള്ള നീക്കം ഉപേക്ഷിക്കണം -ഓർമ
text_fieldsദുബൈ: കരിപ്പൂർ അന്താരാഷ്ട്ര വിമാനത്താവളത്തിൽനിന്നുള്ള 25 സർവിസുകൾ പിൻവലിക്കാനുള്ള എയർ ഇന്ത്യ എക്സ്പ്രസ് തീരുമാനം പിൻവലിക്കണമെന്ന് ഓർമ ആവശ്യപ്പെട്ടു. എയർ ഇന്ത്യയുടെ തീരുമാനം പ്രവാസി മലയാളികളിൽ വലിയ ആശങ്കകൾക്ക് ഇടവരുത്തിയിരിക്കുകയാണ്. രാജ്യത്തിന്റെ സമ്പദ്വ്യവസ്ഥയിൽ വലിയ സംഭാവന ചെയ്യുന്ന പ്രവാസികൾക്ക് നാട്ടിലെത്താനുള്ള സൗകര്യങ്ങൾ ചുരുക്കപ്പെടുന്നത് അവഗണനയാണ്.
പ്രവാസികളുടെ യാത്രാവകാശം ഇല്ലാതാക്കുന്ന ഇത്തരം നടപടി, കേന്ദ്ര ഭരണകൂടത്തിന്റെയും എയർ ഇന്ത്യ മാനേജ്മെന്റിന്റെയും പ്രവാസി കേരളത്തെ ദ്രോഹിക്കുന്ന മനോഭാവത്തിന്റെ തെളിവാണ്. കരിപ്പൂരിലെ സർവിസുകൾ വെട്ടിക്കുറച്ചതോടെ യാത്രകളിൽ വലിയ പ്രതിസന്ധി നേരിടേണ്ടിവരും.
കണ്ണൂർ വിമാനത്താവളം പ്രവർത്തനം തുടങ്ങി വർഷങ്ങൾ പിന്നിട്ടിട്ടും ആവശ്യത്തിന് സർവിസുകൾ നൽകാൻ തയാറായിട്ടില്ല. സർവിസുകൾ പിൻവലിക്കുന്ന നടപടി സാമൂഹികവും സാമ്പത്തികവുമായി ഗുരുതര പ്രത്യാഘാതങ്ങൾ സൃഷ്ടിക്കുമെന്ന് നോർക്ക ക്ഷേമനിധി ഡയറക്ടർ ബോർഡ് അംഗം എൻ.കെ. കുഞ്ഞഹമ്മദ്, ഓർമ ജനറൽ സെക്രട്ടറി ഷിജു ബഷീർ, പ്രസിഡന്റ് നൗഫൽ പട്ടാമ്പി എന്നിവർ വ്യക്തമാക്കി. നടപടിയിൽ ഓർമ ദുബൈയുടെ ശക്തമായ പ്രതിഷേധം രേഖപ്പെടുത്തുന്നതായും ഭാരവാഹികൾ അറിയിച്ചു.